ഡെറാഡൂണ്‍: അമേഠിയിൽ മത്സരിക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തുടനീളം ആ ആഗ്രഹം ഉയർന്ന് വരുന്നു. 1999 മുതൽ ഞാൻ അമേഠിയിൽ സജീവമാണെന്നും റോബർട്ട് വാദ്ര പറഞ്ഞു.
രണ്ടു തിരഞ്ഞെടുപ്പിലും കോൺഗ്രസ്സ് ബിജെപിയേക്കാൾ മുന്നിലാണ്. രാഹുലും പ്രിയങ്കയും നടത്തുന്ന കഠിനാധ്വാനം കണ്ട് ജനങ്ങൾ ഗാന്ധി കുടുംബത്തിന്റെ ഒപ്പമാണ്. ഗാന്ധി കുടുംബത്തിലെ ഒരു അംഗം മടങ്ങി വരണമെന്ന് അമേഠിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ജനങ്ങൾ വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ഞങ്ങളെ ജയിപ്പിക്കും. താൻ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്പ്പ് നടത്തുമ്പോൾ അമേഠിയെ പ്രതിനിധീകരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പില്‍ അമേഠി, റായ്ബേലി മണ്ഡലങ്ങളില്‍ നിന്നും പ്രിയങ്ക മത്സരിക്കുമെന്ന് കോൺഗ്രസ്സ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വൈകാതെ അന്തിമ തീരുമാനം എടുക്കുമെന്നും അറിയിച്ചിരുന്നു.










