തൃശ്ശൂര്‍:ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ കോടതി തള്ളി.പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാറിനു മുമ്പാകെയാണ് നിസാം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുവാന്‍ ശ്രമിക്കുകയും സാക്ഷികളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചാല്‍ നിസാമിന് വിദേശത്തേക്ക് കടക്കുവാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ബംഗലുരുവിലായിരുന്ന നിസാമിനെ ഇന്നലെ വിയ്യൂരിലെത്തിച്ചിരുന്നു.ബംഗളൂരു സ്വദേശിയെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണു മുഹമ്മദ് നിസാമിനെ കര്‍ണാടക പോലീസ് പ്രൊഡക്ഷന്‍ വാറണ്ടില്‍ കേരളത്തില്‍നിന്നു ബംഗളൂരുവിലേക്കു കൊണ്ടുപോയത്.
അതേസമയം ,ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന അഭിഭാഷകനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കാമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നടപടിയായിട്ടില്ല. നിലവിലുള്ള പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിഷാമിന്റെ ബന്ധുവെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരത്തെ വിവാദമായിരുന്നു. നിഷാമിനെതിരെ കാപ്പ ചുമത്തുന്നത് സംബന്ധിച്ചും ഇതുവരെ തീരുമാനമായിട്ടില്ല.
Discussion about this post