കേരളത്തില്‍ നിന്ന് മുസ്ലിം യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരാവുന്നുവെന്ന വിഷയത്തില്‍ ജമാ അത്തെ ഇസ്ലാമിയേയും, സലഫികളേയും പ്രതിക്കൂട്ടിലാക്കി കാന്തപുരം എപി വിഭാഗം നേതാവും കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറിയുമായ വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി.
വിവിധ മതവിശ്വാസികള്‍ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തിലേക്ക് മതപരിഷകരണം എന്ന പേരില്‍ വെറുപ്പിന്റെ രീതിശാസ്ത്രം കടത്തിക്കൊണ്ട് വന്ന നാളുകള്‍ മുതല്‍ മുസ്ലിം പാരമ്പര്യ പണ്ഡിതന്മാര്‍ സലഫികളുടെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ ഇപ്പോള്‍ സ്വന്തം മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസലാമിയും സലഫികളും വിചാരണ നേരിടണമെന്നും ഫൈസി ആവശ്യപ്പെടുന്നു.
”വിവിധ മതവിശ്വാസികള്‍ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തിലേക്ക് മതപരിഷകരണം എന്ന പേരില്‍ വെറുപ്പിന്റെ രീതിശാസ്ത്രം കടത്തിക്കൊണ്ട് വന്ന നാളുകള്‍ മുതല്‍ മുസ്ലിം പാരമ്പര്യ പണ്ഡിതന്മാര്‍ സലഫികളുടെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സ്വന്തം മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസലാമിയും സലഫികളും വിചാരണ നേരിടണം. ഇവരുടെ സലഫീ ആശയത്തിലധിഷ്ടിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി മൊത്തം മുസ്ലിംകളും ഇന്ന് സംശയത്തിന്റെ നിഴലില്‍ വന്നിരിക്കുകയാണ്. എല്ലാം സാമ്രാജ്യത്വ സൃഷ്ടി എന്ന് കാടടച്ചു വെടിവെച്ചാല്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ലല്ലോ. മതപരിഷകരണവാദികളുടെ കടന്നുകയറ്റത്തോടെ മതം എന്നത് തര്‍ക്കവും ബഹളവും ഏറ്റുമുട്ടലും മാത്രമായി ഒതുങ്ങി. ശാന്തസുന്ദരമായ സാമൂഹിക മതേതര കേരളത്തില്‍ വളര്‍ന്നുവന്ന ബഹുസ്വരതയും സാഹോദര്യവും ഇല്ലാതാക്കുകയും മതത്തെ വരണ്ട ആശയമായി അവതരിപ്പിക്കുകയും ചെയ്തവര്‍ തന്നെയാണ് പുതിയ സാഹചര്യത്തിലും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും അത് ജീവിത വ്യവസ്ഥയായി കൊണ്ട് നടക്കുന്നതും.”-ഫൈസി ആരോപിക്കുന്നു.
നിങ്ങളുടെ കുട്ടികള്‍ മതം പഠിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ അന്വേഷിക്കാറുണ്ടോ എന്നത് ഇക്കാലത്ത് വളരെ പ്രസക്തമായ ചോദ്യമാണെന്നും ഫൈസി പറയുന്നു. നമ്മുടെ കുട്ടികളുടെ നിഷ്‌കളങ്കമായ ചിന്തകളെ സ്വാധീനിക്കാനും സാമൂഹിക വിരുദ്ധ, ദേശവിരുദ്ധ, ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മടിയേതുമില്ലാതെ ചെയ്യാന്‍ അവരെ തയ്യാറാക്കാനും ആരെങ്കിലും മനഃപൂര്‍വം ശ്രമിക്കുന്നുണ്ടോ? എന്ന കാര്യം പരിശോധിക്കണമെന്നും ഫൈസി പറയുന്നു. സിറാജ് പത്രത്തില്‍ നിങ്ങളുടെ കുട്ടികള്‍ മതപഠിക്കുന്നത് എവിടെ നിന്നാണ് എന്ന തലക്കെട്ടിലെഴുതി ലേഖനത്തിലാണ് വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസിയുടെ വിലയിരുത്തലുകള്‍.
കേരളത്തില്‍ ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയും അന്വേഷണം നേരിടുകയും ചെയ്യുന്നവരെല്ലാം സലഫി പ്രസ്ഥാനവുമായി അടുപ്പമുള്ളവരാണെന്നും അദ്ദേഹം ആരോപിക്കുന്നു.
സംസ്ഥാനത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇരുപതോളം പേര്‍ ഒരു പ്രത്യേക സലഫിധാരയില്‍ അകപ്പെട്ടതാണെന്ന നിഗമനം ശരിയാണ് എന്ന് ദൃഢപ്പെടുത്തുന്നതാണ് അതിനു ശേഷം കണ്ണൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായവരുടെ വിശ്വാസപശ്ചാത്തലം. യമനില്‍ 1980ല്‍ ഉദയം ചെയ്ത ദമ്മാജ് സലഫിസം എന്ന വിചിത്ര വിശ്വാസ വഴിയിലേക്കാണ് കേരളത്തില്‍ നിന്നുള്ളവര്‍ പലായനം ചെയ്തതെന്നാണ് ലഭ്യമാവുന്ന ബലപ്പെട്ട സൂചനകള്‍. കേരളത്തില്‍ ഇതിനുമുമ്പ് അധികം അറിയപ്പെടാതിരുന്ന ദമ്മാജ് സലഫിസത്തെക്കുറിച്ച് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണങ്ങള്‍ മുന്നേറുകയാണ്.
ചെറിയ പ്രയത്‌നം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നത്തിലല്ല അകപ്പെട്ടിരിക്കുന്നത് എന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നുവെന്നും ലേഖനം വിലയിരുത്തുന്നു.
Discussion about this post