തിരുവനന്തപുരം: ആദിവാസികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. തന്റെ പ്രസംഗത്തിന്റെ സിഡി സ്പീക്കര്‍ക്ക് പരിശോധിക്കാവുന്നതാണെന്നും പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. തെറ്റ് പറ്റിയെന്ന് കണ്ടെത്തിയാല്‍ തിരുത്താന്‍ തയ്യാറാണ്. വകുപ്പിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബാലന്‍ ആരോപിച്ചു. ബാലന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിഷേധവുമായി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
വിവാദ പ്രസ്താവനയില്‍ നിയമ മന്ത്രി എ.കെ ബാലനെതിരെ പ്രതിപക്ഷം നല്‍കിയ അവകാശ ലംഘനത്തിന് നോട്ടീസിലാണ് മന്ത്രിയുടെ വിശദീകരണം. വിമര്‍ശനങ്ങള്‍ക്ക് മന്ത്രി സാമൂഹ്യ മാധ്യമമായ ഫേ്സ്ബുക്കിലൂടെ മറുപടി നല്‍കിയത് ചൂണ്ടിക്കാട്ടി എറണാകുളം എം.എല്‍.എ ഹൈബി ഈഡനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. നിയമസഭയിലെ മറുപടിക്ക് ഫേസ്്ബുക്കിലൂടെയല്ല മന്ത്രി വ്യക്തത വരുത്തേണ്ടത്. സഭയിലെ മറുപടി അപൂര്‍ണമാണെന്നതിനുള്ള തെളിവാണിതെന്നും ചട്ടം 185 പ്രകാരമുള്ള നോട്ടീസില്‍ ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.
വിവാദ പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദിവാസി കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് മന്ത്രി ആദിവാസികളെ അപമാനിക്കുന്ന രീതിയില്‍ മറുപടി പറഞ്ഞത് വിവാദമായിരുന്നു.
അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ പോഷകാഹാരക്കുറവു കാരണം നാലു നവജാതശിശുക്കള്‍ മരിച്ചെന്നു ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ബഹുമാനപ്പെട്ട മെംബര്‍ പറഞ്ഞതു പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അതു പോഷകാഹാരക്കുറവു കൊണ്ടായിരുന്നില്ല. ഒന്ന് അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്നു പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്. ഇപ്പോഴാണു ഡെലിവറി ആയത്. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിനു വാല്‍വിന്റെ തകരാറ്. അതു ഗര്‍ഭിണിയായതും നിങ്ങളുടെ കാലത്താണ്. ഇപ്പോഴാണു പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല’- എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
Discussion about this post