സമാദ് വാദി പാര്‍ട്ടിയിലെ കുടുംബപ്പോര് ഗുണമാവുക യുപിയില്‍ വലിയ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമിടുന്ന ബിജെപിയ്ക്ക്. എസ്പിയില് ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സമാജ് വാദി പാര്‍ട്ടി നേരിടുന്നത് എന്നാണ് വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് പാര്‍ട്ടിയിലെ പരസ്യപ്പോര്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അഖിലേഷ് യാദവിനെ പുറത്താക്കാനുള്ള നീക്കം പൂര്‍ണമായും വിജയിച്ചിട്ടില്ലെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുലായം സിംഗ് യാദവിന് കഴിഞ്ഞിട്ടില്ല. ഇന്നത്തെ യോഗവും തീരുമാനം ആകാതെ പിരിയുകയായിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസത്തിലായിരുക്കും രാജ്യം ഉറ്റുനോക്കുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും, ബിഎസ്പി രണ്ടാം സ്ഥനത്ത് എത്തുമെന്നും, എസ് പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് ഇതുവരെ പുറത്ത് വന്ന തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പറയുന്നത്. അഴിമതിയും സ്വജനപക്ഷ പാതവും, തകര്‍ന്ന ക്രമസമാധാന നിലയും ഉള്‍പ്പടെ നിരവധി പ്രതികൂല ഘടകങ്ങളാണ് എസ്പി നേരിടുന്നത്. ഇതിനിടയില്‍ പാര്‍ട്ടിയിലെ കുടുംബപ്പോര് കൂടി പുറത്ത് വന്നതോടെ പാര്‍ട്ടി വലിയ പ്രതിന്ധി നേരിടുകയാണ്. ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികളും ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാനുള്ള സംഘടനാ ശക്തി ബിജെപിയ്ക്ക് മാത്രമേ ഉള്ളു. നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങളും പ്രതിച്ഛായയും മുന്‍നിര്‍ത്തി ബിജെപി സംസ്ഥാനത്തുടനീശം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
സമാജ് വാദി പാര്‍ട്ടി പിളര്‍ന്നാല്‍ ദേശീയ തലത്തില്‍ തന്നെ മൂന്നാം മുന്നണി സ്വപ്നം കാണുന്ന സിപിഎമ്മിനും വലിയ തിരിച്ചടിയാകും.
യുപിയിലെ പല നേതാക്കളും ബിജെപിയില്‍ ചേര്‍ന്നത് അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ബിജെപിയുമായി മത്സരിക്കുന്നവരില്‍ പ്രബലരെന്ന് വിലയിരുത്തപ്പെടുന്ന മായാവതിയുടെ ബിഎസ്പി പാളയത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയത്. പലരും അടുത്ത ദിവസങ്ങളില്‍ ബിജെപി ക്യാമ്പിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രാഹ്മണ വോട്ടുകളും, ദളിത് വോട്ടുകളും ഇത്തവണ പെട്ടിയിലാക്കാന്‍ ബിജെപിയ്ക്ക് ഇതോടെ കഴിയും. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ റീത്ത ബഹുഗുണ ജോഷി കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
വരുണ്‍ ഗാന്ധിയെ ഹണി ട്രാപ്പില്‍ പെടുത്തിയ സംഭവം പ്രചരണവിഷയമാക്കാനുള്ള ശ്രമവും തുടക്കം മുതലെ പാളി. ഇന്ത്യന്‍ സൈന്യത്തിന്റെ സര്ജിക്കല്സ്ട്രൈക്കും, അയോധ്യയിലെ രാമമ്യൂസിയവും ഉള്‍പ്പടെയുള്ള വിഷയങ്ങളും ബിജെപി സജീവ ചര്‍ച്ചയാക്കി കഴിഞ്ഞു. നാലാം സ്ഥാനത്തുള്ള കോണ്‍ഗ്രസാകട്ടെ സീറ്റ നിലയില്‍ രണ്ടക്കം കടക്കാനിടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് എസ്പി അധ്യക്ഷന്‍ മുലായം സിങ് യാദവ് വിളിച്ചു ചേര്‍ത്ത പാര്‍ട്ടി യോഗം മുലായവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും വഴക്കിട്ട് പിരിഞ്ഞതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് പാര്‍ട്ടി അണികള്‍. യോഗത്തില്‍ അഖിലേഷിനെതിരെ ശിവ്പാല്‍ യാദവും മുലായവും രൂക്ഷമായാണ് സംസാരിച്ചത്. അമര്‍സിങിനെയും ശിവ്പാലിനെയും കൈവിടാന്‍ ഒരുക്കമല്ലെന്ന് അറിയിച്ച മുലായം അഖിലേഷിനോട് ശിവപാലുമായി രമ്യതയിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് തള്ളിയ അഖലേഷ് അച്ഛനുമായി രൂക്ഷമായ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ശിവ്പാലിനെ പുകഴ്ത്തിയായിരുന്നു മുലായത്തിന്റെ പ്രസംഗം. ശിവ്പാല്‍ അടിയുറച്ച പ്രവര്‍ത്തകനാണ്. അദ്ദേഹം ജനങ്ങളുടെ നേതാവാണ്. തനിക്കും പാര്‍ട്ടിക്കും വേണ്ടി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളെ വിസ്മരിക്കാകില്ല. അമര്‍ സിങ് തന്റെ സഹോദരനെ പോലെയാണ്. താന്‍ ഏറെ പ്രശ്നങ്ങളില്‍പ്പെട്ട് ഉഴറിയിരുന്ന കാലത്ത് കൂടെനിന്നയാളാണ് അമര്‍ സിങ്. ഇരുവരെയും ഒരു കാരണവശാലും കൈവിടില്ല. താന്‍ ദുര്‍ബലനാണെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഖിലേഷിനെ പരോക്ഷമായി വിമര്‍ശിച്ചാണ് മുലായത്തിന്റെ പ്രസംഗം. യുവാക്കള്‍ തനിക്കൊപ്പമില്ലെന്ന് ആരും കരുതേണ്ട. വിമര്‍ശനം ഏറ്റുവാങ്ങാനാകുന്നില്ലെങ്കില് അവര്‍ നേതാവാകരുതെന്നും അദ്ദേഹം പറഞ്ഞു.
ലക്നൗവിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്. മുലായം-അഖിലേഷ് അനുകൂലികള്‍ പരസ്പരം മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചത് സംഘര്‍ഷത്തിനിടയാക്കി. ശിവ്പാല്‍ യാദവിനെ കൂവിവിളിച്ചാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്.
Discussion about this post