ഡല്‍ഹി: ഡല്‍ഹി മുന്‍ വനിതാ കമ്മീഷന് അംഗം മഞ്ജു മോംഗയെ ഭര്‍ത്താവ് കാറിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തി. 60കാരനായ മുകേഷ് മോംഗയാണ് ഭാര്യ മഞ്ജു മോംഗയെ കൊലപ്പെടുത്തിയത്. തെക്കന്‍ ഡല്‍ഹിയിലെ ആനന്ദ് നികേതനില്‍ ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
മഞ്ജു ജോലി ചെയ്തിരുന്ന വസ്ത്ര വ്യാപാരശാലക്ക് മുന്പില് വെച്ചാണ് സംഭവമുണ്ടായത്. മദ്യ ലഹരിയിലായിരുന്ന മുകേഷ് മഞ്ജുവിന്റെ കഴുത്തിലും മാറിലും കത്തികൊണ്ട് ഒന്‍പതു തവണ കുത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാര്‍ഡ് തടയാന്‍ ശ്രമിച്ചെങ്കിലും കുത്തിയതിനുശേഷം കാറോടിച്ച് പോകുകയായിരുന്നു. എന്നാല്‍ സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ പിന്തുടര്ന്ന് പിടികൂടി.
കൊലപാതകം മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കത്തികളും കത്തി മൂര്‍ച്ച കൂട്ടുന്നതിനുള്ള ഉപകരണങ്ങളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ സീറ്റില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു കത്തികള്‍. മഞ്ജു മുന്‍പ് ജോലി ചെയ്തിരുന്ന എന്‍.ജി.ഒയില്‍ നിന്നും കക്ഷികളില്‍ നിന്നും മഞ്ജുവിന് ഇടക്കിടെ ഫോണ്‍കോളുകള്‍ വന്നിരുന്നത് മുകേഷിനെ അസ്വസ്ഥനാക്കിയിരുന്നു എന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പൊലീസ് അറിയിച്ചു.
Discussion about this post