പത്തനംതിട്ട: ആറന്മുള വിമാനത്താവളം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറന്‍മുള യില്‍ വിത്തുവിതച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കും. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനസ്ഥാപിക്കും. കോടതിയില്‍ കെജിഎസിന്റെ വാദം നടക്കുന്നുണ്ട്. അതിനര്‍ഥം സര്‍ക്കാര്‍ നിലപാട് മാറിയെന്നല്ലെന്നും പിണറായി പറഞ്ഞു.
ആറന്‍മുള വിമാനത്താവളത്തിനായി സര്‍ക്കാര്‍ നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ആറന്‍മുള പുഞ്ചയില്‍ വിത്തിറക്കുന്നത്. ആയിരം ഏക്കറോളം വരുന്നതാണ് ആറന്‍മുള പുഞ്ച. വിമാനത്താവളം, പാലം നിര്‍മാണം തുടങ്ങിയ വിഷയങ്ങള്‍ കാരണം പ്രദേശത്ത് കൃഷിയിറക്കുന്നത് നിലച്ചിരിക്കുകയായിരുന്നു. നാട്ടുകാരൊന്നാകെ ആവേശത്തോടെ വഞ്ചിപ്പാട്ട് പാടിയാണ് മുഖ്യമന്ത്രിയേയും മറ്റ് നേതാക്കളേയും പാടശേഖരത്തിലേക്ക് വരവേറ്റത്.
കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍, ജലവിഭവമന്ത്രി മാത്യു ടി തോമസ്, ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജ്, മറ്റ് എംഎല്‍എമാര്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിത്തിറക്കല്‍ ചടങ്ങില്‍ പങ്കാളികളായി.
Discussion about this post