ഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ തൊഴിലുറപ്പു പദ്ധതിപ്രകാരം നിര്‍മിക്കുന്ന കനാലിന്റെ നിര്‍മാണം ചൈനീസ് സൈന്യം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ ഇരു സൈന്യങ്ങളും മുഖാമുഖം നിലയുറപ്പിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.
ചൈനയുടെ അതിര്‍ത്തിയില്‍നിന്ന് 29 കിലോമീറ്റര്‍ മാത്രം അകലെയുള്ള മെചൂകയില്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഇന്നലെ ലാന്‍ഡ് ചെയ്തു.
ലേയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ ഡെംചോക് സെക്ടറില്‍ ബുധനാഴ്ച ഉച്ചയ്ക്കാണു സംഭവം. 55 ചൈനീസ് സേനാംഗങ്ങള്‍ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) സ്ഥലത്തെത്തി നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിക്കുകയായിരുന്നു. ചൈനീസ് സേന അതീവ ധാര്‍ഷ്ട്യത്തോടെയാണു സംസാരിച്ചതെന്നു തൊഴിലാളികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് ഇന്ത്യന്‍ സൈനികരും സ്ഥലത്തെത്തി. കരസേനയിലെയും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെയും അംഗങ്ങളാണ് എത്തിയത്. ചൈനയുടെ പട്ടാളം മുന്നോട്ടുകടക്കുന്നതിനെ ഇന്ത്യ തടഞ്ഞിരിക്കുകയാണെന്നു സൈനികവൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയുടെ കനാല്‍പണി തടയാന്‍ ഏതാനും ഗ്രാമീണരെ ചൈന അതിര്‍ത്തിമേഖലയില്‍ കൊണ്ടുവന്നു ടെന്റുകളില്‍ താമസിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്തു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇരുരാജ്യങ്ങളും പരസ്പരം അനുമതി തേടണമെന്നാണു ചൈന പറയുന്നത്. എന്നാല്‍, പ്രതിരോധാവശ്യങ്ങള്‍ക്കായുള്ള നിര്‍മാണങ്ങള്‍ക്കു മാത്രമേ ഈ വ്യവസ്ഥ ബാധകമാകൂ എന്നാണ് ഇന്ത്യയുടെ നിലപാട്. 2014-ലും മേഖലയില്‍ സമാനസാഹചര്യമുടലെടുത്തിരുന്നു. അന്നും തൊഴിലുറപ്പു പദ്ധതിപ്രകാരം ജലസേചന കനാലാണ് ഇന്ത്യ നിര്‍മിക്കാന്‍ ശ്രമിച്ചത്.
Discussion about this post