ഡൽഹി: ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്ന ജെയ്ഷെ മുഹമ്മദ് തീവ്രവാദി മസൂദ് അസറിന്റെ കാര്യത്തിൽ ചൈന നിലപാട് മയപ്പെടുത്തിയേക്കുമെന്ന് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ സ്‌റ്റേറ്റ് കൗൺസിലർ യാംഗ് ജിയേച്ചിയും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയില് ഇതു സംബന്ധിച്ച ചര്ച്ചകള് നടന്നു എന്നാണ് സൂചന. അഞ്ചു മണിക്കൂർ നീണ്ട കൂടിക്കാഴ്‌ച ആശാവഹമായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
യു.എന്നിൽ ഒറ്റപ്പെടുമെന്ന ഭയമാണ് മസൂദ് അസറിന്റെ കാര്യത്തിൽ മാറിച്ചിന്തിക്കാൻ ചൈനയെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്ട്ടില് വ്യക്തമാക്കുന്നത്.
മുംബയ് ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന മസൂദ് അസർ ഭീകരനാണെന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ശ്രമത്തെ ചൈന നിരന്തരം തടസപ്പെടുത്തുന്നത്. കാരണമില്ലാതെ ഒരാൾ ഭീകരനായി മുദ്ര കുത്തരുതെന്നാണ് ചൈനയുടെ വാദം.പലതവണ ഈ വിഷയം യു.എന്നിൽ വന്നപ്പോൾ ചൈന അപ്പോഴെല്ലാം എതിരു നിൽക്കുകയായിരുന്നു.
ഏപ്രിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചൈന, ഇന്ത്യയുടെ നീക്കത്തെ എതിർത്തു. ഒക്ടോബറിൽ ഇന്ത്യ വീണ്ടും യു.എന്നിൽ സമാന ആവശ്യം ഉന്നയിച്ചു. അപ്പോഴും
വിലങ്ങു തടിയായി പാകിസ്ഥാന്റെ ഉറ്റ സുഹൃത്തായ ചൈന എത്തിയിരുന്നു. 15 അംഗ രക്ഷാസമിതിയിൽ ചൈന മാത്രമാണ് ഇന്ത്യയുടെ നീക്കത്തിന് എതിരു നിൽക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഏറ്റവും ഒടുവിലായി ജമ്മു കാശ്‌മീരിലെ ഉറി സൈനിക ക്യാന്പിൽ ആക്രമണം നടത്തിയതിലും അസറിന് പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്നു. അടുത്തിടെ, പാകിസ്ഥാൻ മസൂദ് അസറിന്റേതടക്കമുള്ള ഭീകരരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
Discussion about this post