തിരുവനന്തപുരം: കളളപ്പണവും വ്യാജനോട്ടുകളും തടയാന്‍ 500, 1000 തുകകളുടെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ധനവകുപ്പ് മന്ത്രി തോമസ് ഐസക്കിനെതിരെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. കളളപ്പണം കയ്യിലുള്ളതിനാലാവാം തോമസ് ഐസക്ക് പരിഭ്രാന്തനാകുന്നതെന്ന് രാം മാധവ് പറഞ്ഞു. കളളപ്പണം ഏറ്റവും കൂടുതല്‍ വ്യാപരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ്യക്കും സുരക്ഷയ്ക്കും ഗുണം ചെയ്യുന്ന തീരുമാനത്തില്‍ തോമസ് ഐസക്ക് പരിഭ്രാന്തനാകുന്നത് കയ്യില്‍ കളളപ്പണമുളളതിനാലാകാമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പ്രതികരിച്ചു. ഇന്ത്യയില്‍ കളളപണം പ്രചരിക്കുന്നില്ല എന്ന തോമസ് ഐസക്കിന്റെ വാദം തെറ്റാണെന്നും രാം മാധവ് പറയുന്നു. ഏറ്റവും കൂടുതല്‍ കളളപ്പണവും വ്യാജനോട്ടുകളും പ്രചരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കളളപ്പണക്കാരേയും കളളനോട്ടുകാരേയും തറപറ്റിച്ചു കൊണ്ടായിരുന്നു പുതിയ പരിഷ്‌കാരം പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാത്രി പ്രഖ്യാപിച്ചത്. പുതിയ പരിഷ്‌കാരത്തെ രാഷ്ട്രീയ ഭേദമന്യേ ഏവരും സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഏതൊരു നീക്കത്തേയും കണ്ണടച്ചു വിമര്‍ശിക്കുന്ന ഇടത് നിലപാട് വീണ്ടും വ്യക്തമാക്കിക്കൊണ്ട് ധന വകുപ്പ് മന്ത്രി തോമസ് ഐസക്ക് നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ താന്‍ ഉന്നയിച്ച ആരോപണം തോമസ് ഐസക്ക് നിയമസഭയില്‍ തിരുത്തി. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് ഐസക്ക് സഭയില്‍ പറഞ്ഞു. കളളപ്പണം തടയാനുളള നടപടി മറ്റു രാജ്യങ്ങളും സ്വീകരിച്ചിട്ടുളളതാണെന്നും ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും തോമസ് ഐസക്ക് സഭയില്‍ വ്യക്തമാക്കി.
Discussion about this post