നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രതീരുമാനത്തെ ധനമന്ത്രി ഡോ. തോമസ് ഐസകും സിപിഎമ്മും എതിര്‍ക്കുന്നതിന് പിന്നിലെ കാരണം ജനങ്ങള്‍ കഷ്ടപ്പെടുമെന്ന ചിന്തയല്ലെന്ന് വിമര്‍ശനം. കേരളത്തിലെ സിപിഎം ഭരണത്തിലിരിക്കുന്ന സഹകരണ ബാങ്കുകളിലെ കള്ളപ്പണം പുറത്ത് വരാന്‍ നടപടി ഇടയാക്കുമെന്നതാണ് ധനമന്ത്രിയുടേയും ചില സിപിഎം നേതാക്കളുടെയും എതിര്‍പ്പിന് പിന്നില്‍ എന്നാണ് സൂചന.
സ്വിസ് ബാങ്കില്‍ മാത്രമല്ല കേരളത്തിലെ സഹകരണ ബാങ്കുകളിലും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപമുള്ളതായി ആദായനികുതി വകുപ്പ് ആരോപിക്കുന്നു. 30,000 കോടി രൂപയുടെയെങ്കിലും കള്ളപ്പണം കേരളത്തിലെ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതായാണ് ആദായനികുതി വകുപ്പിന്റെ നിഗമനം.
ഈ വര്‍ഷം ആദ്യം കോഴിക്കോട് സര്‍ക്കിളില്‍ ആദായനികുതി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സഹരണ ബാങ്കുകളിലായി 150 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയിരുന്നു. എന്നാല്‍ ആരുടെ പേരിലാണ് ഈ അക്കൗണ്ടുകള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറാന്‍ ബാങ്കുകള്‍ തയ്യാറായില്ലെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ കള്ളപ്പണം കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കിളില്‍ മാത്രം 11000 പേര്‍ക്ക് നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പേരാണ് ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തി സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നത്. പണത്തിന്റെ സോഴ്‌സ് ഉള്‍പ്പടെയുള്ള രേഖകളില്ലാതെ ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപണമാണ് സഹകരണ ബാങ്കുകള്‍ വഴി ഒഴുകുന്നത്. കൃത്യമായ കൈപറ്റ് രേഖകള്‍ പോലുമില്ലാതെ പലരില്‍ നിന്ന് ലക്ഷങ്ങള്‍ ഇത്തരത്തില്‍ കൈപറ്റിയതായും വിവരമുണ്ട്.
മലബാര്‍ മേഖലയിലാണ് ഇത്തരത്തില്‍ സഹകരണബാങ്കുകളില്‍ വ്യാപകമായ കള്ളപ്പണം ശേഖരിച്ചിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ സ്വാധീനവും ഇടപെടലും മൂലം ഇക്കാര്യത്തില്‍ തുടരന്വേഷണവും നടപടികളും സാധ്യമാകുന്നില്ല. രാഷ്ട്രീയക്കാര്‍ നേരിട്ട് ഇടപെട്ടാണ് ഇത്തരത്തിലുള്ള ഫണ്ടുകള്‍ ശേഖരിക്കുന്നത് എന്നും വ്യക്തമായിട്ടുണ്ട്.
കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതികളാണ് കൂടുതല്‍ സഹകരണ സംഘങ്ങളില്‍ അധികാരത്തിലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം തടയാനുള്ള പുതിയ നീക്കം സഹകരണ ബാങ്കുകളില്‍ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് കൊണ്ടു വരും. ഇത് തടയാന്‍ എന്ത് നടപടി സ്വീകരിക്കും എന്ന ആശങ്കയിലാണ് മിക്ക ഭരണസമിതികളും. ദിവസങ്ങള്‍ക്കുള്ളില്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ നിയമനുസൃതമാക്കാന്‍ എളുപ്പമല്ല. പല ഇടപാടുകളിലേയും രേഖകള്‍ മാറ്റുകയല്ലാതെ മറ്റു വഴിയില്ല. കോടികളുടെ നഷ്ടം ഇത് ഉണ്ടാക്കും. പല ഭരണസമിതികളുടെയും കള്ളക്കളികള്‍ പുറത്ത് വരുന്നത് സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയാകും.
വിദേശ ബാങ്കുകളില്‍ നിന്ന് മുഴുവന്‍ കള്ളപ്പണവും തിരിച്ചെടുക്കാനായില്ലല്ലോ എന്ന് കേന്ദ്രസര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ഇടത്പക്ഷ നേതാക്കളും സാമ്പത്തീക വിദഗ്ധരും ഇക്കാര്യത്തില്‍ എന്ത് ചെയ്യും എന്ന ആശങ്കയിലാണ്.
കയ്യില്‍ കള്ളപ്പണമുണ്ടെന്ന ഭീതിയാണ് സിപിഎമ്മിനെ മോദിയുടെ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിച്ചതിന് പിറകിലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയകളും മറ്റും ചര്‍ച്ചയാക്കി കഴിഞ്ഞു. ബിജെപി നേതാവ് റാം മാധവ് പരസ്യമായി തന്നെ തോമസ് ഐസകിനെതിരെ രംഗത്തെത്തുകയും ചെയ്തു.
മോദിയുടെ പ്രഖ്യാപനത്തെ കോണ്‍ഗ്രസിനും നേരിട്ട് എതിര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. യുവ എംഎല്‍എ വി.ടി ബല്‍റാം ഉള്‍പ്പടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ പുകഴ്ത്തി രംഗത്തെത്തുകയും ചെയ്തു. സിപിഎമ്മിനെ വെട്ടിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തല്‍. സിപിഎം കോടികളുടെ കള്ളപ്പണം പാര്‍ട്ടി പ്രവര്‍ത്തനത്തിനായി സ്വരൂപിച്ചിട്ടുണ്ടെന്ന ആക്ഷേപവും സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നുണ്ട്.
Discussion about this post