ഡല്‍ഹി: ജനങ്ങള്‍ക്ക് ആവശ്യമായ നോട്ടുകള്‍ വിപണിയില്‍ ഉണ്ടെന്നും ആരും നോട്ടുകള്‍ പൂഴ്ത്തി വയ്ക്കാന്‍ ശ്രമിക്കരുതെന്ന് റിസര്‍വ് ബാങ്ക്. നോട്ടുകളുടെ അപര്യപ്തത കാരണമല്ല, അസാധുവായ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ജനങ്ങള്‍ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യത്തിന് നോട്ടുകള്‍ വിപണയില്‍ ലഭ്യമാണ്. നോട്ടിന് ക്ഷാമം ഉണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരത്താനോ നോട്ടുകള്‍ പൂഴ്ത്തി വയ്ക്കാനോ ശ്രമിക്കരുത് ആര്.ബി.ഐ പറഞ്ഞു.
പിന്‍വലിച്ച നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള പരിധി 4500 രൂപയായിരുന്നത് നാളെ മുതല്‍ 2000 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. നോട്ടുകള്‍ക്ക് ക്ഷാമം ഉള്ളതിനാലാണ് ഈ നിയന്ത്രണമെന്ന് അഭ്യൂഹങ്ങള്‍ പരന്നതിനാലാണ് റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്ത് വന്നത്. കൂടുതല്‍ പേര്‍ക്ക് പണം മാറ്റി വാങ്ങുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടു വന്നതെന്നായിരുന്നു തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞത്.
Discussion about this post