തിരുവനന്തപുരം : ബാര്‍ കോഴക്കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അടിയന്തരപ്രമേയത്തിന് മറുപടി നല്കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേസില്‍ അന്വേഷണം കൃത്യമായി മുന്നോട്ട് പോവുകയാണെന്ന് സഭയെ അറിയിച്ചു. മന്ത്രിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മാണിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇത്രയും അഴിമതി നടത്തിയ മന്ത്രി കേരള ചരിത്രത്തില്‍ ഉണ്ടാവില്ല. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണ്. സര്‍ക്കാര്‍ വീഴുമെന്ന ഭയംകൊണ്ടാണ് മാണിക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുന്നത്. ജനങ്ങള്‍ മാണിയെ പൊതുനിരത്തില്‍ വിചാരണ ചെയ്യും. ഈ സാഹചര്യത്തിലെങ്കിലും സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്നും വി.എസ് ചോദിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
അഴിമതിയാരോപണത്തില്‍പ്പെട്ട ധനമന്ത്രി കെ.എം മാണിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടിരുന്നു. നിയമസഭയില്‍ ചോദ്യോത്തര വേള നടക്കുമ്പോള്‍ മാണിയെ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. മാണിയോട് നിയമസഭയില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ചോദിച്ചില്ല. എഴുതിക്കൊടുത്ത ചോദ്യങ്ങള്‍ സഭാ തലത്തില്‍ ഉന്നയിക്കില്ലെന്നും പ്രതിപക്ഷം പറഞ്ഞു.
Discussion about this post