ചെന്നൈ: ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്കു ഒഴുകുകയാണ്. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി.
മുംബൈയിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു വിവരമറിഞ്ഞു പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തി. ആശുപത്രി അധികൃതരുമായി 10 മിനിറ്റോളം ചര്‍ച്ച നടത്തിയ അദ്ദേഹം രാജ്ഭവനിലേക്കു മടങ്ങി. അതിനിടെ, അപ്പോളോ ആശുപത്രിയില്‍ വച്ച് തമിഴ്‌നാട് മന്ത്രിസഭയുടെ അടിയന്തര യോഗം ചേര്‍ന്നു.
നിലവില്‍ ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണു ജയലളിതയുള്ളത്. ഐസിയുവില്‍ പ്രവേശിപ്പിച്ച ജയയ്ക്ക് ലണ്ടനിലുള്ള ഡോ. റിച്ചാര്‍ഡ് ബീലിന്റെ നിര്‍ദേശമനുസരിച്ചുള്ള ചികില്‍സയാണ് നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി എയിംസില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചെന്നൈയിലേക്കു പുറപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ ഹൃദയവും ശ്വാസകോശങ്ങളും പ്രവര്‍ത്തിക്കുന്നതു യന്ത്രത്തിന്റെ സഹായത്തോടെയാണ്. മുഖ്യമന്ത്രിയുടെ ജീവനുവേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ആശുപത്രി അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണറുമായി ടെലിഫോണില്‍ സംസാരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ആശുപത്രി അധികൃതരുമായും സംസാരിച്ചു.
സെപ്റ്റംബര്‍ 22ന് ആണ് കടുത്ത പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ജയലളിതയെ പരിശോധിച്ചുവെന്നും ജയലളിത പൂര്‍ണമായും അസുഖത്തില്‍ നിന്നും മോചിതയായെന്നുമായിരുന്നു പാര്‍ട്ടി അറിയിച്ചത്.
Discussion about this post