ഡല്‍ഹി: ഡിസംബര്‍ 30ന് മുമ്പ് 5,000 രൂപയിലേറെ വരുന്ന തുക ഒരു തവണ നിക്ഷേപിക്കുന്നതിന് തടസ്സമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അസാധു നോട്ടുകള്‍ പലതവണയായി നിക്ഷേപിക്കാന്‍ എത്തുന്നവര്‍ മാത്രമേ വിശദീകരണം നല്‍കേണ്ടതുള്ളൂ എന്ന് ജെയ്റ്റ്‌ലി പറഞ്ഞു. അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി പത്തുദിവസം മാത്രം ശേഷിക്കേയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 5,000 രൂപയില്‍ കൂടുതലുള്ള തുക ഒറ്റത്തവണയേ നിക്ഷേപിക്കാനാകൂ. നോട്ട് നിക്ഷേപിക്കാന്‍ വൈകിയതിനുള്ള കാരണം ബാങ്കില്‍ ബോധ്യപ്പെടുത്തണം, രണ്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത് ബാങ്ക് രേഖയാക്കണം തുടങ്ങിയ നിബന്ധനകളും ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബാങ്കില്‍ ഒറ്റത്തവണ എത്ര രൂപയുടെ നിക്ഷേപം നടത്തിയാലും ആര്‍ക്കും ഒരു ചോദ്യവും നേരിടേണ്ടിവരില്ല. അതിനാല്‍ 5,000 രൂപ പരിധി ഒറ്റത്തവണ നിക്ഷേപിക്കുന്നവര്‍ക്ക് ബാധകമാകില്ല ജെയ്റ്റ്‌ലി വിശദീകരിച്ചു. പക്ഷേ ഒരാള്‍ പല ദിവസങ്ങളിലായി തുക നിക്ഷേപിക്കുന്നത് സംശയാസ്പദമാണെന്നും എല്ലാവരും കൈയിലുള്ള അസാധു നോട്ടുകള്‍ ഒന്നിച്ച് നിക്ഷേപിക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു. 5,000 രൂപ പരിധി നിശ്ചയിച്ചതിനെ തുടര്‍ന്ന് ബാങ്കുകള്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ വഴിയുള്ള നിക്ഷേപം അവസാനിപ്പിച്ചിരുന്നു. ഇനി ബാങ്കില്‍ നേരിട്ട് എത്തി മാത്രമേ നിക്ഷേപം നടത്താനാകൂ.
ബാങ്കുകളിലെ തിരക്ക് കുറയ്ക്കാനാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അസാധുവാക്കിയ 15.4 ലക്ഷം കോടി രൂപയുടെ കറന്‍സിയില്‍ 13 ലക്ഷം കോടിയും ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്.
Discussion about this post