ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗപോലെ വിശുദ്ധമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പുകഴ്ത്തിയത്.
ഗാന്ധി കുടുംബം ഉള്‍പ്പെട്ട അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ രാഹുല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ജനം ഒരിക്കലും ഇതു വിശ്വസിക്കുകയില്ല. രാഹുലില്‍നിന്ന് മറ്റൊന്നും രാജ്യം പ്രതീക്ഷിക്കേണ്ടതില്ല. 5000 കോടിയുടെ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യത്തിലാണ് രാഹുല്‍. കോണ്‍ഗ്രസ് നേതാവായ അദ്ദേഹം അഴിമതിയുടെ കാവല്‍ക്കാരനാണെന്നും ഇത്തരം ഉത്തരവാദിത്തമില്ലാത്തതും നാണംകെട്ടതുമായ പ്രസ്താവനകളെ തന്റെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഈയിടെ നടന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ചണ്ഡിഗഡ്, രാജസ്ഥാന്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയാണു വിജയിച്ചത്. മുനിസിപ്പാലിറ്റി ഭരിക്കാന്‍ പോലും യോഗ്യതയില്ലാത്ത പാര്‍ട്ടിയായാണു ജനം കോണ്‍ഗ്രസിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post