കോഴിക്കോട്: സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം പരാജയമാണെന്ന മുരളീധരന്റെ പ്രസ്താവനക്ക് പിന്നാലെ വിമര്‍ശവുമായി മുസ്‌ലിം ലീഗും. പ്രതിപക്ഷ ധര്‍മം കേരളത്തില്‍ പൂര്‍ണമായി നിര്‍വഹിക്കപ്പെടുന്നില്ലെന്നാണ് മുസ്‌ലിം ലീഗ് മുതിര്‍ന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞത്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ ഭരണ പരാജയം ഉയര്‍ത്തിക്കാട്ടി അക്കാര്യത്തില്‍ ജനങ്ങളെ അണിനിരത്താന്‍ പറ്റിയ സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. യു.ഡി.എഫ് യോഗം ചേര്‍ന്ന് പിരിയുകയാണെന്നും ജനങ്ങളെ അണിനിരത്തി സമരം ചെയ്യാന്‍ കഴിയുന്നില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
കേരളത്തില്‍ പ്രതിപക്ഷം പരാജയമാണെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് റേഷന്‍ വിതരണം മുടങ്ങിയ അവസ്ഥ ഉണ്ടായിരിക്കുന്നത്. ഇത് ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ട് വരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ലെന്നും കേരളാ കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂര്‍ പറയുന്നു.
കഴിഞ്ഞ ദിവസം കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞത് കോണ്‍ഗ്രസിനുള്ളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പിന്നാലെ ഘടകക്ഷികളും അതേറ്റുപിടിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കും.
Discussion about this post