ഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കാനായി പുതിയ മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഡല്‍ഹിയില്‍ നടക്കുന്ന ഡിജിധന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ‘ഭീം’ എന്നാണ് ആപ്ലിക്കേഷന്റെ പേര്.
ഇനി സാമ്പത്തീക ഇളവുകളുടെ കാലമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. 86 ശതമാനം നോട്ട് പിന്‍വലിച്ചാലും പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് രാജ്യം തെളിയിച്ചുവെന്ന് മോദി പറഞ്ഞു. നിരാശരുടെ അവസ്ഥ മാറ്റാന്‍ തന്റെ കയ്യില്‍ മരുന്നില്ല, എന്നാല്‍ പ്രതീക്ഷയുള്ളവര്‍ക്ക് ആയിരക്കണക്കിന് അവസരം നല്‍കാന്‍ തനിക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ ബാങ്ക് സാര്‍വത്രികമാക്കുന്നതോടെ രാജ്യത്തെ അത്ഭുതങ്ങള്‍ നടക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീം ആപ്പില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണെന്നും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അത് പൂര്‍ത്തിയാവുന്നതോടെ തള്ളവിരല്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കുമെന്നും പറഞ്ഞു.
ഇ-ബാങ്കിംഗിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്മസ് ദിനത്തിന് ലക്കി ഗ്രഹക് യോജന, ഡിജിധന്‍ വ്യാപാര്‍ യോജന എന്നീ സമ്മാനപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പുതിയ ആപ്പ് ഉപയോഗിച്ച് അദ്ദേഹം ഖാദി വാങ്ങുകയും ചെയ്തു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിച്ചവര്‍ക്ക് ചടങ്ങില്‍ പ്രധാനമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഭരണഘടന സ്ഥാപകന്‍ ഡോ.ബി.ആര്‍ അംബ്ദേക്കറുടെ സ്മരണാര്‍ത്ഥമാണ് ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടിരിക്കുന്നത്.
പുതിയ ആപ്പിന്റെ വരവ് പ്ലാസ്റ്റിക് കാര്‍ഡുകളുടെ ഉപയോഗം കുറയ്ക്കുകയും ഡിജിറ്റല്‍ പണമിടപാട് വേഗത്തിലാക്കുമെന്നുമാണ് കരുതുന്നത്. കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ടിവരുന്ന സര്‍വീസ് ചാര്‍ജുകളും ആപ്പിന്റെ ഉപയോഗത്തിലൂടെ ഇല്ലാതാവും.
ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രധാനമന്ത്രി നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ‘എളുപ്പത്തില്‍ ഇടപാടുകള്‍ നടത്തുവാനും പണം കൈമാറുവാനും സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ഞാന്‍ പുറത്തിറക്കും. സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ഈ ആപ്പ് ജനങ്ങളെ സഹായിക്കും’ മോദി ട്വിറ്ററില്‍ കുറിച്ചു.
ഡിജിറ്റില്‍ സാമ്പത്തിക ഇടപാടുകള്‍ വ്യാപകമാവുന്നതോടെ അഴിമതിക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുമെന്നും പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വികസനസ്വപ്‌നങ്ങള്‍ പൂവണിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post