തൃശൂര്‍: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം നടത്തിയ മനുഷ്യച്ചങ്ങലയില്‍ വിദേശികളെ പങ്കെടുപ്പിച്ചത് വിവാദമാകുന്നു. മനുഷ്യചങ്ങലയില്‍ വിദേശികള്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ സിപിഎം നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.ആര് ഹരി തൃശ്ശൂര്‍ എസ്പിയ്ക്ക് പരാതി നല്കി. പഠന, തൊഴില്‍ വിസകളില്‍ എത്തിയ വിദേശികള്‍ക്ക് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാനവകാശമില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നടത്തറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പുത്താടത്ത് രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിദേശ വനിതകള്‍ മനുഷ്യച്ചങ്ങലയില്‍ നിന്നതിന്റെ ദൃശ്യങ്ങള്‍ വന്നത്. ഫ്രഞ്ച് വനിതയായ പാസ്കല്‍ ബോര്ജിയോണ് , പോളണ്ടുകാരിയായ എലിസബത്ത് എന്നിവരെയാണ് മനുഷ്യച്ചങ്ങലയില്‍ പങ്കെടുപ്പിച്ചത് . ഇത് വിസച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹരി പരാതിയില്‍ പറയുന്നു .
പരാതിയുടെ കോപ്പി വിദേശകാര്യ വകുപ്പിനും ആഭ്യന്തര വകുപ്പിനും അയച്ചു കൊടുത്തിട്ടുണ്ട്. വിദേശികള്‍ പങ്കെടുത്ത ചിത്രങ്ങള്‍ സിപിഎം എറണാകുളം ജില്ല സെക്രട്ടറി പി രാജീവും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു . ഇതും വിവാദമായിട്ടുണ്ട്.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ തന്നെ വിസാച്ചട്ടങ്ങള്‍ ലംഘിക്കാന്‍ വിദേശികളെ പ്രേരിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ബിജെപി ആരോപിക്കുന്നു.
Discussion about this post