ഡല്‍ഹി: ഹോട്ടലുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും ആഹാരം കഴിച്ചതു തൃപ്തികരമല്ലെങ്കില്‍ ബില്ലിനോടൊപ്പം ചേര്‍ക്കാറുള്ള സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നു കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃവകുപ്പ് വ്യക്തമാക്കി. സര്‍വീസ് ചാര്‍ജ് സംബന്ധിച്ച പുതിയ നയം ഹോട്ടലുകളും റെസ്റ്റോറന്റുകളും നടപ്പാക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും ആഹാരം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ നല്‍കേണ്ടതില്ലെന്നുമുള്ള വിവരം ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബില്‍ തുകയോടൊപ്പം അഞ്ചു മുതല്‍ ഇരുപതു ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാറുണ്ട്. ടിപ്പ് നല്‍കുന്നതിനു പുറമേയാണിത്. എന്നാല്‍, സര്‍വീസ് ചാര്‍ജ് ബില്‍ തുകയോടൊപ്പം ചേര്‍ക്കുന്നത് നിര്‍ബന്ധമായ നിബന്ധനയല്ലെന്നാണ് കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃ വകുപ്പ് വ്യക്തമാക്കിയത്. ബില്ലിനോടൊപ്പം പ്രത്യേകമായി സര്‍വീസ് ചാര്‍ജ് കൂട്ടിച്ചേര്‍ക്കുന്നത് മാന്യമായ കച്ചടവ ശീലത്തിന്റെ ലംഘനമാണെന്ന് ഭക്ഷ്യ, ഉപഭോക്തൃ വകുപ്പു ചൂണ്ടിക്കാട്ടുന്നത്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിവേചനപരമാണെന്നും ഉപഭോക്താവിന് തൃപ്തികരമല്ലെങ്കില്‍ ഈടാക്കാനാവില്ലെന്നും ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഇത് നിര്‍ബന്ധിതമായി ഈടാക്കാനാവില്ലെന്നും സര്‍ക്കാര്‍ ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളില്‍ നിന്നും നിര്‍ബന്ധമായി ബില്ലിനോടൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയതെന്നും കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃ വകുപ്പ് വ്യക്തമാക്കി.
1986-ലെ ഉപഭോക്തൃ സംരക്ഷണം നിയമം അനുസരിച്ച് തനിക്കു ലഭിച്ച സേവനങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഈടാക്കിയ തുക ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഉപഭോക്താവിന് ബന്ധപ്പെട്ട വകുപ്പില്‍ പരാതിപ്പെടാവുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്ഷ്യ, ഉപഭോക്തൃ വകുപ്പ് ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയോട് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍വീസ് ചാര്‍ജ് ഉപഭോക്താവില്‍ നിന്ന് നിര്‍ബന്ധമായി ഈടാക്കേണ്ടതല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയത്.
Discussion about this post