തിരുവനന്തപുരം: മന്ത്രിസഭയില്‍ സിപിഎം-സിപിഐ പോര് തുടരുന്നു. സര്‍ക്കാര്‍ ഡയറിയില്‍ സിപിഐ മന്ത്രിമാരുടെ പേര് സിപിഎം മന്ത്രിമാര്‍ക്കും എന്‍സിപി മന്ത്രിക്കും പിറകില്‍ ആണെന്നതാണ് സിപിഐ മന്ത്രിമാരെ ചൊടിപ്പിക്കുന്നത്. മന്ത്രിമാരുടെ പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അച്ചടിച്ച 40,000 ഡയറികള്‍ വിതരണം ചെയ്യേണ്ടെന്നും ബാക്കി അച്ചടിച്ചുകൊണ്ടിരിക്കുന്ന ഡയറികളില്‍ മാറ്റി പ്രിന്റ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഡയറി പ്രിന്റിങിന്റെ ചുമതല ജിഐഡി വകുപ്പിലാണ്. ഇതിന്റെ ചുമതല മുഖ്യമന്ത്രിക്കുമാണ്. സാധാരണ ഡയറിയില്‍ മന്ത്രിമാരുടെ പേര് പ്രിന്റ് ചെയ്യുന്നത് മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഉപമുഖ്യമന്ത്രിയുണ്ടെങ്കില് രണ്ടാമന് പിന്നെ അക്ഷരമാലാക്രമത്തിനാണ്. ചരിത്രത്തില്‍ ഇപ്രാവശ്യം മാത്രം അക്ഷരമാലാ ക്രമം തെറ്റി. സിപിഎം മന്ത്രിമാരുടേത് കഴിഞ്ഞ്. ഗതാഗതമന്ത്രി ഏ.കെ. ശശീന്ദ്രനും കഴിഞ്ഞാണ് പാവം സിപിഐ മന്ത്രിമാര്‍ സ്ഥാനം പിടിച്ചത്.
കഴിഞ്ഞദിവസം പ്രിന്റ് ചെയ്ത ഡയറിയുടെ കോപ്പി മുഖ്യമന്ത്രിയ്ക്ക് കൊടുക്കാന്‍ ഉദ്യോഗസ്ഥരെത്തി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ സിപിഐ മന്ത്രി സുനില്‍കുമാര്‍ അപ്പോഴുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ ഒരു കോപ്പി അദ്ദേഹത്തിനും നല്കുകയുണ്ടായി. ഇത് മറിച്ചുനോക്കിയ സുനില്‍കുമാര്‍ ഒരു കാര്യം ഇതില്‍ കണ്ടെത്തി. തങ്ങള്‍ പിന്നില്‍. ഉടനെ തന്നെ ചെറിയൊരു പൊട്ടിത്തെറിയിലൂടെ മുഖ്യമന്ത്രിയെ സുനില്‍കുമാര്‍ കാര്യമറിയിച്ചു. മുഖ്യമന്ത്രി അപ്പോള്‍ തന്നെ മാറ്റി പ്രിന്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇപ്പോള്‍ പ്രിന്റ് ചെയ്തതു വിതരണം ചെയ്യേണ്ട. ഇനി പ്രിന്റ് ചെയ്യുന്നതില്‍ അക്ഷരമാലാ ക്രമം പാലിക്കുക. സാധാരണ മൂന്നുലക്ഷത്തോളം ഡയറിയാണ് പ്രിന്റ് ചെയ്യുന്നത്.
Discussion about this post