ഡല്‍ഹി: സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പരാതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഉന്നയിക്കുന്ന ജവാന്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കരസേനാമേധാവി ബിപിന്‍ റാവത്ത്. ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന പരാതികള്‍ ജവാന്റെ മാത്രമല്ല സേനയുടെയും ആത്മവീര്യം ചോര്‍ത്തും. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. കരസേനാദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തികളില്‍ കഴിയുന്ന ജവാന്‍മാര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ബിഎസ്എഫ് ജവാന്റെ ഫേസ്ബുക് വിഡിയോ വലിയ ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ അര്‍ധസൈനിക വിഭാഗങ്ങളിലെ ചില ജവാന്‍മാരും പരാതിയുമായി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കരസേനാമേധാവിയുടെ മുന്നറിയിപ്പ്. കരസേനാദിനത്തില്‍ പാക്കിസ്ഥാന് പരോക്ഷ മുന്നറിയിപ്പും ജനറല്‍ ബിപിന്‍ റാവത്ത് നല്‍കി. സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സൈന്യത്തിന്റെ ആത്മവീര്യം വര്‍ധിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സ്തുത്യര്‍ഹ സേവനത്തിന് 15 സൈനികരെ പുരസ്‌കാരം നല്‍കി ആദരിച്ചു. സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ ഹനുമന്തപ്പയ്ക്കുള്ള പുരസ്‌കാരം ഭാര്യ ഏറ്റുവാങ്ങി. 14 യൂണിറ്റുകള്‍ക്ക് മികച്ച സേവനത്തിനുള്ള പുരസ്‌കാരവും നല്‍കി.
Discussion about this post