തൃശ്ശൂര്‍: ഇടതു സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ജനപങ്കാളിത്തം നഷ്ടപ്പെട്ട് ഉദ്യോഗസ്ഥ മേധാവിത്യമുള്ളതായി മാറുന്നുവെന്ന് വിമര്‍ശനമുന്നയിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന ആവേശം മിഷന്‍ എന്ന പേരിട്ടു നടപ്പിലാക്കുന്ന പദ്ധതികളിലൂടെ സഫലമാവുമെന്ന് കരുതുന്നില്ലെന്നും പരിഷത്ത് വിമര്‍ശനം ഉന്നയിക്കുന്നു. തൃശ്ശൂരില്‍ നടന്ന പുതിയ കേരളം ജനപങ്കാളിത്തതോടെ എന്ന പേരില്‍ പരിഷത്ത് നടത്തിയ ചര്‍ച്ചക്കു വേണ്ടി തയ്യാറാക്കിയ കുറിപ്പിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം.
ജനപങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ഘടനാപരമായ സംവിധാനം സര്‍ക്കാരിന്റെ മിഷന്‍ പദ്ധതികളിലില്ല. പഞ്ചായത്തുകളെ കേവലം നിര്‍വഹണ എജന്‍സികളായി മാറ്റിയേക്കുമോ എന്ന ആശങ്കയുണ്ടെന്നും ആസൂത്രണ നിര്‍വഹണ സംവിധാനത്തെ തകര്‍ക്കുന്ന ഒന്നായി പഞ്ചായത്തു തല പദ്ധതി മാറിയേക്കാം എന്നും കുറിപ്പില്‍ പറയുന്നു.
മിഷന്‍ എന്ന പേരില്‍ മുകളില്‍ നിന്ന് പദ്ധതികള്‍ കെട്ടിയിറക്കപ്പെടുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള നാല്‍പതിലധികം അധികാരങ്ങള്‍ മിഷന്റെ ഭാഗമാവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി രൂപപ്പെടുന്ന പദ്ധതികളല്ല മിഷന്റെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും എങ്ങനെയെന്ന് എവിടെയും പറയുന്നില്ല. അന്താരാഷ്ട്ര പഠന നിലവാരം എന്നത് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പലയിടത്തും ഉപയോഗിക്കുന്നുവെന്നും പരിഷത്തിന്റ കുറിപ്പിലുണ്ട്.
Discussion about this post