ഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കി രണ്ടുമാസം പിന്നിടുമ്പോള്‍ കറന്‍സിരഹിത ഇടപാടുകളില്‍ കേരളം മുന്‍നിരയിലേക്ക്. തെലങ്കാനയ്ക്കു പിന്നില്‍ രണ്ടാമതാണ് കേരളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്താണ് മൂന്നാംസ്ഥാനത്ത്. നവംബര്‍ ഒമ്പതുമുതല്‍ ജനുവരി ഒമ്പതുവരെയുള്ള കണക്കാണിത്. ആയിരംപേരുടെ കണക്കെടുക്കുമ്പോള്‍ 2848.96 ഇടപാടുകളാണ് തെലങ്കാനയില്‍ നടക്കുന്നത്. കേരളത്തിലും ഗുജറാത്തിലും യഥാക്രമം 2157.8, 1431.92 എന്നിങ്ങനെയാണ് ഇടപാടുകള്‍. രാജ്യത്തെ ശരാശരി 527.82 ആണ്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് 2014ല്‍ ഡിജിറ്റല്‍ ഇടപാടുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കൊണ്ടുവന്ന ‘ഇതാല്‍’ വഴിയാണ് കണക്കുകള്‍ ലഭ്യമായത്.
സംസ്ഥാനസര്‍ക്കാരിന്റെ 128 സേവനങ്ങളില്‍ നിന്നായി പത്തുകോടിയിലേറെ ഡിജിറ്റല്‍ ഇടപാടുകളാണ് തെലങ്കാനയില്‍ നടന്നത്. കേരളത്തില്‍ 153 സര്‍ക്കാര്‍ സേവനങ്ങളില്‍ നിന്നായി ഏഴുകോടിയിലേറെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നു. തെലങ്കാനയില്‍ ഗ്രാമീണമേഖലകളിലെ വികസനപദ്ധതികള്‍, മൂല്യവര്‍ധിതനികുതി തുടങ്ങിയവയിലാണ് ഏറ്റവുമധികം ഇടപാടുകള്‍ നടന്നത്. കേരളത്തില്‍ ഐ.ടി. മിഷന്‍പദ്ധതി, വിനോദസഞ്ചാരവിവരങ്ങളുടെ ഡൗണ്‍ലോഡ് എന്നിവയാണ് ഏറ്റവുമധികം നടന്ന ഇടപാടുകള്‍. കേന്ദ്രസര്‍ക്കാര്‍ സേവനങ്ങളില്‍ ആധാര്‍, കെ.വൈ.സി. എന്നിവ സംബന്ധിച്ച 113 കോടിയിലേറെ ഇടപാടുകള്‍ നടന്നു. പത്തുകോടിയിലേറെ ഇടപാടുകളാണ് പ്രസിദ്ധമായ ‘ജന്‍ധന്‍ യോജന’യുമായി ബന്ധപ്പെട്ട് നടന്നത്. റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങും റദ്ദാക്കലുമായി ആറരക്കോടിയോളം ഇടപാടുകള്‍ നടന്നു.
Discussion about this post