തിരുവനന്തപുരം: തലശ്ശേരിയില്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ എം.ടി. രമേശ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി പി. ജയരാജനും വ്യക്തിപരമായി അറിയുന്നവരാണ് പ്രതികളെന്നും രമേശ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിനു ശേഷം കൊല്ലപ്പെട്ടയാളെപ്പറ്റി അപവാദം പ്രചരിപ്പിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിച്ചത്. മരിച്ചയാളെപ്പറ്റി കള്ളപ്രചാരണം നടത്തിയതിന് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെയുള്ള അക്രമമാണ്. ഭരണകക്ഷി തന്നെ പൊലീസ് സ്റ്റേഷന് ആക്രമിക്കുന്ന സംഭവം ഇതാദ്യമാണ്. ആഭ്യന്തര വകുപ്പിന്റെ മൗനാനുവാദത്തോടെയുള്ള അതിക്രമമാണ് കേരളത്തില്‍ നടക്കുന്നതെന്നും രമേശ് ആരോപിച്ചു.
അക്രമങ്ങള്‍ക്ക് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം അട്ടിമറിച്ചത് സിപിഎം ആണ്. അതുകൊണ്ട് മറ്റുള്ളവര്‍ യോഗ തീരുമാനങ്ങള്‍ അനുസരിക്കണമെന്നു സര്‍ക്കാരിനു ശാഠ്യം പിടിക്കാനാകില്ല. സ്വന്തം ജീവന് സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ അവരെ കുറ്റം പറയാനാവില്ല. സിപിഎം അതിക്രമത്തിനെതിരെ രംഗത്തു വരാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. കൊലപാതക രാഷ്ട്രീയത്തിനെതിരെ അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തും. ആദ്യഘട്ടമായി, രക്തസാക്ഷി ദിനമായ ജനുവരി 30 ന് ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന സത്യാഗ്രഹസമരം സംഘടിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ 10 വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് സിപിഎം അക്രമത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും രമേശ് അറിയിച്ചു.
Discussion about this post