തിരുവനന്തപുരം: മന്ത്രിസഭയുടെ ചില തീരുമാനങ്ങള്‍ നടപ്പാക്കുന്നതുവരെ വെളിപ്പെടുത്താനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് മന്ത്രിസഭാതീരുമാനങ്ങള്‍ നല്‍കാതിരിക്കാന്‍ പറഞ്ഞ അതേ ന്യായമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരും പറയുന്നത്. എല്‍.ഡി.എഫ്. അന്ന് ഇതിനെ എതിര്‍ത്തതാണ്. മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും പേരിലുള്ള വിജിലന്‍സ് അന്വേഷണങ്ങളുടെ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ യു.ഡി.എഫ്.സര്‍ക്കാര്‍ 2016 മാര്‍ച്ചില്‍ വിജ്ഞാപനം ഇറക്കിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ മുന്നില്‍ നിന്നത് പിണറായി വിജയനാണ്. ഇതോര്‍മിപ്പിച്ചാണ് പിണറായി വിജയന്റെ തീരുമാനത്തെ സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത്, 2016 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 12 വരെ എടുത്ത തീരുമാനങ്ങളില്‍ ഭൂരിപക്ഷവും ചട്ടലംഘനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. പ്രചാരണവുമാക്കി. ഈ തീരുമാനങ്ങള്‍ വിവരാവകാശനിയമപ്രകാരം നല്‍കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അപേക്ഷകനായ ഡി.ബി. ബിനു എന്ന വിവരാവകാശപ്രവര്‍ത്തകന് ഈ തീരുമാനങ്ങളുടെ പകര്‍പ്പുകള്‍ നല്‍കണമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം. പോള്‍ ഉത്തരവിട്ടത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്. ഈ തീരുമാനം എല്‍ഡി.എഫ്. സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. മന്ത്രിസഭാതീരുമാനങ്ങള്‍ വെളിപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
അന്നത്തെ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ മന്ത്രിതല ഉപസമിതി രൂപവത്കരിച്ചെങ്കിലും അതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ല. ചുരുക്കത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത തീരുമാനങ്ങള്‍ ഒമ്പതുമാസമായിട്ടും പുറത്തുവന്നിട്ടില്ല. ഇതിനു തുണയായത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നിലപാടും. വിവരാവകാശനിയമത്തിലെ എട്ടാംവകുപ്പുപ്രകാരം ചില നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. ഇത് രാജ്യത്തിന്റെ പരമാധികാരത്തെയും നിയമനിര്‍മാണസഭകളുടെ അവകാശങ്ങളെയും വ്യക്തിസുരക്ഷയെയുമൊക്കെ ബാധിക്കുന്നവയാണ്. സംസ്ഥാനസര്‍ക്കാര്‍ എടുക്കുന്ന സാധാരണ തീരുമാനങ്ങളൊന്നും ഈ സ്വഭാവത്തിലുള്ളതല്ല. എന്നാല്‍, മന്ത്രിസഭാതീരുമാനങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. മന്ത്രിസഭയിലെ ചര്‍ച്ചകളൊഴിച്ച് തീരുമാനങ്ങള്‍ നല്‍കാമെന്നാണ് ഈ വ്യവസ്ഥ. മന്ത്രിസഭയുടെ തീരുമാനങ്ങളും അവയ്ക്കുള്ള കാരണങ്ങളും ആ തീരുമാനങ്ങള്‍ക്ക് ആധാരമായ വസ്തുതകളും വെളിപ്പെടുത്താമെന്ന് എട്ടാം വകുപ്പ് ഐഉപവകുപ്പ് പറയുന്നു. എന്നാല്‍, ഈ വ്യവസ്ഥയിലെ ഒരു പ്രയോഗത്തെ വ്യാഖ്യാനിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ അന്നും ഇന്നും വിവരം നിഷേധിക്കുന്നത്.
മന്ത്രിസഭ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാകാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുക്കും. അതിനുശേഷംമാത്രം ആ തീരുമാനം ജനം അറിഞ്ഞാല്‍മതിയെന്ന് വാദിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റൊന്നുമല്ലെന്നാണ് വിവരാവകാശപ്രവര്‍ത്തകരുടെ അഭിപ്രായം. വിവരാവകാശം വിവാദമായതോടെ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഈ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍, 2016 ജൂലായ് നാലുമുതല്‍ ഒക്ടോബര്‍ പത്തുവരെയുള്ള 293 മന്ത്രിസഭാതീരുമാനങ്ങളില്‍ 36 എണ്ണം ഉത്തരവായി പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഡി.ബി. ബിനുവിനെ പൊതുഭരണവകുപ്പ് അറിയിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ ഒന്നിനാണ് ഈ മറുപടി കിട്ടിയത്. നാലുമാസം കഴിഞ്ഞ തീരുമാനങ്ങള്‍പോലും അന്നുവരെ പ്രസിദ്ധീകരിച്ചിരുന്നില്ല.
വെളിപ്പെടുത്താന്‍ പാടില്ലാത്ത വിവരങ്ങള്‍
രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷിതത്വത്തെയും സാമ്പത്തിക, ശാസ്ത്രീയ താത്പര്യങ്ങളെയും ബാധിക്കുന്നവ.
കോടതികളും ട്രിബ്യൂണലുകളും വെളിപ്പെടുത്തല്‍ നിരോധിച്ചിട്ടുള്ളവ
പാര്‍ലമെന്റെ്, നിയമസഭ എന്നിവയുടെ അവകാശങ്ങളെ നിഷേധിക്കുന്നവ
വാണിജ്യവ്യാപാര രഹസ്യങ്ങളും ബൗദ്ധിക സ്വത്തുക്കളുടെ വിവരങ്ങളും
വിദേശസര്‍ക്കാരില്‍നിന്നുള്ള രഹസ്യവിവരങ്ങള്‍
നിയമം നടപ്പാക്കാനും സുരക്ഷയ്ക്കുമായി രഹസ്യസഹായം നല്‍കിയ വ്യക്തികളുടെ ജീവന് അപകടകരമാകാവുന്നവ
അന്വേഷണം, കുറ്റവാളികളുടെ അറസ്റ്റ്, പ്രോസിക്യൂഷന്‍ എന്നിവയ്ക്ക് തടസ്സമാവുന്നവ
മന്ത്രിസഭയുടെയും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ചര്‍ച്ചകളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ള മന്ത്രിസഭാരേഖകള്‍
2016 മാര്‍ച്ച് 18ന് പിണറായി പറഞ്ഞത്:- ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തനിനിറം ജനം അറിഞ്ഞാല്‍ ആട്ടിപ്പുറത്താക്കും എന്ന ഭയംകൊണ്ടാണ് വിവരാവകാശനിയമം അട്ടിമറിക്കുന്ന വിജ്ഞാപനം ഇറക്കിയത്. സുതാര്യത പറയുന്ന മുഖ്യമന്ത്രിയുടെ ഒന്നാംതരം കാപട്യത്തിന് തെളിവാണിത്… ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെയും സുപ്രീംകോടതി വിധിന്യായങ്ങളുടെയും നിയമരൂപമായ 2005ലെ വിവരാവകാശത്തെ ഇത്തരത്തില്‍ ദുര്‍ബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.
Discussion about this post