ഡല്‍ഹി: പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെപ്പറ്റി വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത്. അതീവ രഹസ്യമായി ഇന്നും തുടരുന്ന 2002 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെപ്പറ്റി വളരെ കുറച്ച് വിവരങ്ങള്‍ ഒരു അന്തര്‍ദേശീയ മാദ്ധ്യമമാണ് പുറത്തുവിട്ടത്. 2001-ലെ പാര്‍ലമെന്റ് ആക്രമണത്തിനും 2002 മെയില്‍ തീവ്രവാദികള്‍ നടത്തിയ കാലുചക്ക് കൂട്ടക്കൊലയ്ക്കും ശക്തമായ മറുപടിയായിട്ടായിരുന്നു ആ മിന്നലാക്രമണം. പാകിസ്ഥാനെ ഞെട്ടിച്ച് ആഗസ്റ്റ് 2 ന് നടന്ന ആക്രമണത്തിന് പൂര്‍ണ പിന്തുണ നല്‍കിയത് പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയും പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസും.
അതിര്‍ത്തിക്കപ്പുറത്തെ പാക് ബങ്കറുകളുടെ കൃത്യസ്ഥാനം മനസ്സിലാക്കാന്‍ ഉപയോഗിച്ചത് ഇസ്രയേല്‍ നിര്‍മ്മിത ലേസര്‍ സാങ്കേതിക വിദ്യയാണ്. ഓപ്പറേഷനില്‍ പ്രധാന പങ്കു വഹിച്ച 29 കാരനായ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് രാജീവ് മിശ്ര ഈ സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യനായിരുന്നു. ജൂലൈ 31 ന് ലേസര്‍ ഉപകരണവുമായി ശ്രീനഗറിലേക്ക് പറക്കാന്‍ രാജീവിന് നിര്‍ദ്ദേശം ലഭിച്ചു. ശ്രീനഗറിലെത്തിയ രാജീവിനെ കാത്തിരുന്നത് പോര്‍വിമാനം പറത്താനുള്ള ജോലി ആയിരുന്നില്ല. മറിച്ച് പാക് സൈനിക ബങ്കറുകള്‍ എവിടെയാണെന്ന് കരമാര്‍ഗ്ഗം കണ്ടെത്തി അടയാളപ്പെടുത്താനുള്ള നിര്‍ദ്ദേശമായിരുന്നു.
കുപ്‌വാരയ്ക്ക് സമീപം കെല്‍ മേഖലയില്‍ കാര്‍ഗില്‍ സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്താന്‍ സൈന്യം തീരുമാനിച്ചത്. സിവിലിയന്മാര്‍ക്ക് ജീവാപായം ഉണ്ടാകാതെ ബങ്കറുകള്‍ മാത്രം ആക്രമിക്കണമെങ്കില്‍ കൃത്യമായ സ്ഥാനം വ്യോമസേനയ്ക്ക് ലഭിക്കണം. ഈ ദൗത്യമായിരുന്നു രാജീവ് മിശ്രയ്ക്കും സംഘത്തിനും ചെയ്യാനുണ്ടായിരുന്നത്. കരസേനയുടെ സ്‌പെഷ്യല്‍ കമാന്‍ഡോ ടീം ശത്രുബങ്കറുകളെ ആക്രമിക്കാനുള്ള പദ്ധതിയായിരുന്നു ആദ്യം തീരുമാനിക്കപ്പെട്ടത്. എന്നാല്‍ ഒരാള്‍ പോലും നഷ്ടപ്പെടാതെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കണമെന്നതിനാല്‍ ആദ്യം വ്യോമാക്രമണവും അതിന്റെ ചുവടുപിടിച്ച് സ്‌പെഷ്യല്‍ ടീം ആക്രമണവും നടത്താന്‍ പദ്ധതിയിട്ടു.
മിറേജും മിഗും ജഗ്വാറും ആക്രമണത്തിന് പൂര്‍ണ സജ്ജമായി നിലയുറപ്പിച്ചു. ശ്രീനഗറില്‍ നിന്ന് ചീറ്റ ഹെലികോപ്റ്ററില്‍ രാജീവ് മിശ്രയും സംഘവും അതിര്‍ത്തിയിലേക്ക്. പാക് സൈനിക ബങ്കറുകള്‍ കാണാന്‍ കഴിയുന്ന ദൂരത്തെത്തിയിട്ട് മാത്രമേ ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. തീര്‍ത്തും അപകടകരവും സാഹസികവുമായ ദൗത്യം. രൂക്ഷമായ പാക് ഷെല്ലാക്രമണത്തിനിടയില്‍ ചീറ്റയില്‍ നിന്ന് മിശ്രയും സംഘവും താഴേക്ക്. ഒപ്പം ലേസര്‍ ഉപകരണങ്ങളും. ഏറ്റവുമടുത്ത ബി എസ് എഫ് പോസ്റ്റിലേക്ക് ഇഴഞ്ഞു നീങ്ങിയ അവര്‍ക്ക് മുകളില്‍ പാക് സൈന്യത്തിന്റെ ഷെല്‍ പെരുമഴ.
പാക് സൈനിക ക്യാമ്പിലേക്ക് എത്താന്‍ പിന്നിടേണ്ടത് മൂന്ന് കുന്നുകള്‍. ഒട്ടും സമയം കളയാതെ മൂവരും അതിര്‍ത്തിയിലേക്ക്. രണ്ടു പേര്‍ക്ക് മാത്രം പാക് സൈന്യം ഉപയോഗിക്കുന്ന ഉടുപ്പുകള്‍. ഒടുവില്‍ ലേസര്‍ സ്ഥല നിര്‍ണയ ഉപകരണം കൊണ്ട് പാക് ബങ്കറുകളുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തി മൂവരും തിരിച്ചെത്തി. അതിനു മുന്‍പ് തന്നെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീം സജ്ജമായി ഇന്ത്യന്‍ പോസ്റ്റിലെത്തിയിരുന്നു.
ആഗസ്റ്റ് 2 ഒന്നരയോടെ പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്നു. ലേസര്‍ ബീം കൊണ്ടടയാളപ്പെടുത്തിയ പാക് സൈനിക താവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ തീമഴ. പോര്‍വിമാനങ്ങളുടെ തീമഴയ്ക്ക് ശേഷം സ്‌പെഷ്യല്‍ പാര സൈനിക കമാന്‍ഡോകളുടെ മിന്നലാക്രമണം. കെല്‍ മേഖലയിലെ പാക് ബങ്കറുകള്‍ നാമാവശേഷമായി. എത്ര പാക് സൈനികര്‍ മരിച്ചുവെന്ന വിവരം ഇന്നും വെളിപ്പെട്ടിട്ടില്ല. ഈ ആക്രമണത്തിനും പാകിസ്ഥാന്റെ പക്കല്‍ നിന്ന് ഒരു മറുപടിയുമുണ്ടായതുമില്ല.
ഇച്ഛാശക്തിയുള്ള നേതൃത്വവും സമര്‍പ്പിതമായ സൈന്യവുമുണ്ടെങ്കില്‍ ഒന്നും അസാദ്ധ്യമല്ല എന്ന് തെളിയിക്കുന്നതായിരുന്നു 2002 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അതീവ രഹസ്യം ഒപ്പം വിജയകരവുമായിരുന്നു ഇത്.
Discussion about this post