തിരുവനന്തപുരം:ലോ അക്കാദമി സമരത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് നടപടിഎടുക്കമെന്നും ഗവര്‍ണ്ണര്‍ പി.സദാശിവം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ലോ അക്കാദമി സമരം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്നും അതിനായി ഗവര്‍ണര്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തെ കണ്ടു നിവേദനം നല്‍കിയിരുന്നു. ഈ നിവേദനമാണു നടപടിക്കായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറിയത്. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ പരാതി കൈമാറി.
ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരം 29 ആം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരത്തിന്റെ രൂപം മാറുകയാണ്. ആത്മഹത്യാശ്രമം ഉള്‍പ്പെടെയുള്ള സമരമുറകളിലേക്ക് വിദ്യാര്‍ത്ഥികള്‍ നീങ്ങികഴിഞ്ഞു. കോളജിനു മുന്നിലെ മരത്തിനു മുകളില്‍ കയറിയയാളെ അഗ്‌നിശമനസേനക്കാര്‍ നാലു മണിക്കൂറിനുശേഷം വടംകെട്ടി താഴെയിറക്കി. പിന്നാലെ രണ്ടുപേര്‍ ദേഹത്തു പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോള്‍ അഗ്‌നിശമന സേന വെള്ളമൊഴിച്ചും അപകടം ഒഴിവാക്കി. സമരത്തിന് അനുഭാവവുമായി സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സംഘര്‍ഷരംഗങ്ങള്‍ കണ്ടു കുഴഞ്ഞുവീണു മരിച്ചു. കെഎസ്ആര്‍ടിസി റിട്ട. ചെക്കിങ് ഇന്‍സ്‌പെക്ടര്‍ മണക്കാട് ബലവാന്‍നഗര്‍ ജിഎച്ച്എസ് ലെയ്ന്‍ 59 എയില്‍ അബ്ദുല്‍ ജബ്ബാര്‍ (66) ആണു മരിച്ചത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post