ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കുന്നത് വെറും മൂന്ന് ശതമാനം മാത്രമെന്ന് ദി ഹിന്ദു ദിനപത്രത്തിന്റെ അഭിപ്രായ സര്‍വ്വേ. അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി തോഴിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല അധികാരത്തിലെത്തുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി മുഖ്യ മന്ത്രി പനീര്‍ശെല്‍വം രംഗത്തെത്തിയതിനെ തുടര്‍ന്ന് ഈ വിഷയത്തിലെ ജനഹിതമറിയാന്‍ ദി ഹിന്ദു ദിനപത്രം നടത്തിയ സര്‍വേയിലാണ് ശശികലയ്ക്ക് അണു പോലും ജനപിന്തുണയില്ലെന്ന് വളിപ്പെട്ടിരിരക്കുന്നത്. പനീര്‍ശെല്‍വത്തിനെ മുഖ്യമന്ത്രിയാക്കുകയോ പുതിയ തെരഞ്ഞെടുപ്പ് നടത്തുകയോ വേണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടിരിക്കുന്നത്.
പനീര്‍ ശെല്‍വത്തിനെ മുഖ്യമന്ത്രിയാക്കുക, ശശികലയെ മുഖ്യമന്ത്രിയാക്കുക, പ്രസിഡന്റ് ഭരണമേര്‍പ്പെടുത്തുക, പുതിയ തെരഞ്ഞെടുപ്പ് നടത്തുക,എന്നീ ഓപ്ഷനുകളാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയിരുന്നത്. പനീര്‍ ശെല്‍വത്തിനെ മുഖ്യമന്ത്രിയാക്കുന്നതിനെയാണ് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്ന 59 ശതമാനം പേരും അനുകൂലിച്ചിരിക്കുന്നത്. ദി ഹിന്ദു വെബ്സൈറ്റിലൂടെ സര്‍വേയില്‍ വോട്ട് ചെയ്ത 55 ശതമാനം പേരും പനീര്ശെല്വത്തിനെയാണ് പിന്തുണച്ചിരിക്കുന്നത്. ന്നാല് ശശികലയെ ട്വിറ്ററിലൂടെ പിന്തുണച്ചിരിക്കുന്നത് മൂന്ന് ശതമാനം പേരും ദി ഹിന്ദു വെബ്സൈറ്റിലൂടെ പിന്തുണച്ചിരിക്കുന്നത് 2 ശതമാനം പേരും മാത്രമാണ്. ശരാശരി 30 ശതമാനം പേര് സംസ്ഥാനത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിനെയാണ് അനുകൂലിച്ചിരിക്കുന്നത്. സര്‍വേയുടെ ഭാഗമായി ട്വിറ്ററിലൂടെ 7188 വോട്ടുകളും, ദി ഹിന്ദു വെബ്സൈറ്റിലൂടെ 12,401 വോട്ടുകളുമാണ് രേഖപ്പെടുത്തിയിരുന്നത്.
Discussion about this post