തൃശൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം തേടിയത് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് തെളിവുകള്‍. നേരത്തെ നടന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്ണദാസ് ജാമ്യാപേക്ഷ നല്‍കിയിട്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ കൃഷ്ണദാസിന്റെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്.
ജില്ലാ കളക്ടര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നാണ് കൃഷ്ണദാസ് കോടതിയില്‍ ആവശ്യപെട്ടത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് തന്നെ കളക്ടര്‍ വിളിച്ച യോഗം നടന്നിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനും ഇക്കാര്യം കോടതിയെ അറിയിച്ചില്ല. മാത്രമല്ല യോഗത്തില്‍ പങ്കെടുക്കുന്നതിന് പ്രിന്‍സിപ്പലിനെ മാത്രമാണ് ജില്ലാകളക്ടര്‍ വിളിച്ചിരുന്നത്.
കൃഷ്ണദാസിന് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. കളക്ടറുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന് കാണിച്ച് കൃഷ്ണദാസ് കോടതിയില്‍ ഹാജരാക്കിയ കത്ത് പഴയതാണ്. സര്‍ക്കാര്‍ അഭിഭാഷകന്റെ വീഴ്ച മൂലമാണ് കൃഷ്ണദാസിന് ജാമ്യം ലഭിച്ചത്. കോളേജ് തുറക്കാന്‍ ധാരണയായ കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചില്ലെന്നും ജിഷ്ണുവിന്റെ രക്ഷിതാക്കള്‍ ആരോപിച്ചു.
Discussion about this post