ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മദ്രസ അദ്ധ്യപകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ദോഡ സ്വദേശി ബിലാൽ അഹമ്മദ്, രാംപാൻ സ്വദേശി റിയാസ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സാമ്പയിലായിരുന്നു സംഭവം.
സാമ്പ സ്വദേശിനിയായ 16 കാരിയെ ആണ് മദ്രസ അദ്ധ്യാപകനായ ബിബാൽ അഹമ്മദും റിയാസും ചേർന്ന് തട്ടിക്കൊണ്ടുപോയത്. ബിബാലിന്റെ മദ്രസയിലാണ് കുട്ടി മതപഠനം അഭ്യസിച്ചുവരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതെ ആകുകയായിരുന്നു. വിവരം അറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കൾ മദ്രസയിൽ എത്തി. കുട്ടിയ്ക്കായുള്ള തിരച്ചിലിനിടെയാണ് ബിലാലിനെയും റിയാസിനെയും കാണാതെ ആയതായി വ്യക്തമായത്. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഇരുവരും ചേർന്ന് തട്ടിക്കൊണ്ട് പോയതാണെന്ന് വ്യക്തമായി. പെൺകുട്ടിയെ തടവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് മോചിപ്പിച്ച് പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. തുടർന്ന് ഇരുവരുടെയും അറസ്റ്റും രേഖപ്പെടുത്തി.
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്യുകയായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് പോലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കർശന വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.








