മലപ്പുറം: കരിപ്പൂരിൽ വൻ വർണവേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലമതിയ്ക്കുന്ന സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായിട്ടായിരുന്നു സ്വർണം പിടികൂടിയത്. വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് കർശന പരിശോധനയാണ് നടത്തുന്നത്. ഇതിലായിരുന്നു പ്രതികൾ കുടുങ്ങിയത്. മലപ്പുറം പുൽപ്പറ്റ സ്വദേശി ഫവാസ്, നെടിയിരിപ്പ് സ്വദേശി തേട്ടത്തോടി മുഹമ്മദ് ജാസിം, തൃപ്പനച്ചി സ്വദേശി സലീം എന്നിവരാണ് പിടിയിലായത്. മൂന്ന് പേരിൽ നിന്നായി 1.8 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്.
മൂന്ന് പേരും മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസിന്റെ പിടിയിൽ ആകുകയായിരുന്നു. ഫവാസിൽ നിന്നും 1163 ഗ്രാം തൂക്കമുള്ള സ്വർണമാണ് പിടികൂടിയത്. മുഹമ്മദ് ജാസിമിൽ നിന്നും 1057 ഗ്രാം സ്വർണവും, സലീമിൽ നിന്നും 1121 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post