തിരുവനന്തപുരം: ഇടത് എംഎൽഎ സച്ചിൻ ദേവിനെതിരെ പരാതി നൽകി കെ.കെ രമ എംഎൽഎ. നിയമസഭാ സംഘർഷത്തിൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയതിനാണ് പരാതി നൽകിയത്. നിയമസഭാ സ്പീക്കർക്കും, സൈബർ സെല്ലിലുമാണ് പരാതി നൽകിയിരിക്കുന്നത്.
നിയമസഭാ സമ്മേളനത്തിൽ രമയുടെ വലതുകൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാൽ ഇത് കള്ളമാണെന്നും കൈയ്ക്ക് പരിക്കേറ്റിട്ടില്ലെന്നുമായിരുന്നു സച്ചിൻ ദേവ് സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ വ്യാജ പ്രചാരണം. തനിക്ക് സംഭവിച്ചതിന്റെ യാഥാർത്ഥ്യം പരിശോധിക്കാതെ എംഎൽഎ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു. താൻ നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പഴയ ചിത്രങ്ങൾ ചേർത്താണ് കള്ളം പ്രചരിപ്പിക്കുന്നത് എന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. എംഎൽഎ നടത്തിയ പ്രചാരണങ്ങളുടെ സ്ക്രീൻ ഷോട്ടും കെ.കെ രമ പരാതിയ്ക്കൊപ്പം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 15 നാണ് നിയമസഭയിൽ സംഘർഷം ഉണ്ടായത്. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാൻ വാച്ച് ആൻഡ് വാർഡ് ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
Discussion about this post