ഉടുമ്പൻചോല നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിന്റെ ഗുരുതര ആരോപണത്തിൽ അതിശക്തമായ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ജയചന്ദ്രനെ പരാജയപ്പെടുത്താൻ സമീപിച്ചത് ആരാണെന്ന് ഇബ്രാഹിംകുട്ടി കൃത്യമായി തുറന്നുപറയണമെന്ന് എം.എം. മണി ആവശ്യപ്പെട്ടു. വെറുതെ പുകമറ സൃഷ്ടിച്ച് ദുഷ്പ്രചരണം നടത്തുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ലെന്നും അദ്ദേഹം പരിഹസിച്ചു.
നെടുങ്കണ്ടത്ത് നടന്ന കോൺഗ്രസ് പ്രതിഷേധ പരിപാടിക്കിടെയാണ് ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎമ്മിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തന്നെ സമീപിച്ചെന്നും, ഇതിന്റെ ഓഡിയോ ക്ലിപ്പുകൾ അടക്കമുള്ള തെളിവുകൾ കൈവശമുണ്ടെന്നും ഇബ്രാഹിംകുട്ടി കല്ലാർ വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുതവണ എം.എം. മണി പ്രതിനിധീകരിച്ച ഉടുമ്പൻചോലയിൽ ഇത്തവണ മത്സരിച്ച കെ.കെ. ജയചന്ദ്രൻ കോൺഗ്രസിലെ സേനാപതി വേണുവിനോട് 20,000-ത്തിൽപ്പരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. തോൽവിക്ക് പിന്നിൽ സിപിഎമ്മിലെ തന്നെ നേതാക്കളുടെ കളികളാണെന്ന ആരോപണമാണ് ഇടുക്കി രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റഴിച്ചുവിട്ടത്.
എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ എം.എം. മണി, കല്ലാറിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. “തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കിൽ അത് ആരാണെന്ന് വ്യക്തമായി പറയാനുള്ള ആർജ്ജവം കാണിക്കണം. അതാണ് ആണത്തം. അല്ലാതെ ചുമ്മാ പുകമറ സൃഷ്ടിച്ച് ദുഷ്പ്രചരണം നടത്തുന്നതൊന്നും ആണുങ്ങൾക്ക് പറ്റിയ പണിയല്ല. ആരാണ് വന്ന് കണ്ടത്, ആരെ തോൽപ്പിക്കാനാണ് പറഞ്ഞത് എന്നൊക്കെ തുറന്നുപറയാനുള്ള ധൈര്യം കാണിക്കണം,” മണി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനോട് യോജിപ്പില്ലെന്നും ഉള്ള കാര്യം തുറന്നുപറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












