ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരർ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച സംഭവത്തിൽ കേസ് അന്വേഷണത്തിനായി എൻഐഎ സംഘം സാൻഫ്രാൻസിസ്‌കോയിലേക്ക്. അടുത്ത ആഴ്ചയാണ് എൻഐഎ സാൻഫ്രാൻസിസ്‌കോയിലേക്ക് പോകുക. ഇതിനായി അന്വേഷണ സംഘത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
ഈ മാസം 17 നാണ് അന്വേഷണ സംഘം യാത്ര തിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കാനഡയിലെ ഇന്ത്യൻ എംബസി ഖാലിസ്ഥാൻ ഭീകരർ ആക്രമിച്ച സംഭവത്തിന്റെ അന്വേഷണ ചുമതലയും ഇതേ സംഘത്തിനാണ്.
ജൂലൈ രണ്ടിനായിരുന്നു സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായത്. സംഘടിച്ചെത്തിയ ഖാലിസ്ഥാൻ ഭീകരർ കോൺസുലേറ്റിന് തീയിടുകയായിരുന്നു. ഉടനെ അഗ്നിശമന സേനയെത്തി തീ അണച്ചതിനാൽ വലിയ ദുരന്തം ആയിരുന്നു ഒഴിവായത്. നേരത്തെ മാർച്ച് 19 നും ഇതേ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയിരുന്നു. അന്നുണ്ടായ ആക്രമണത്തിൽ വലിയ നാശനഷ്ടം ആയിരുന്നു സംഭവിച്ചിരുന്നത്.
Discussion about this post