തൃശൂർ: ആധുനീക തൃശൂരിന്റെ ശിൽപി ശക്തൻ തമ്പുരാന് പ്രണാമം അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃശൂരിൽ വടക്കേച്ചിറ കൊട്ടാരവളപ്പിലെ ശക്തൻ തമ്പുരാൻ സ്മൃതി കുടീരത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. ബിജെപി നേതാക്കൾക്ക് ഒപ്പമായിരുന്നു അമിത് ഷാ ശക്തന്റെ സ്മൃതി കുടീരത്തിൽ എത്തിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കർ, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, ബി ഗോപാലകൃഷ്ണൻ തുടങ്ങിയവരും മറ്റ് ബിജെപി നേതാക്കളും അമിത് ഷായ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശക്തന്റെ സ്മൃതി കുടീരം പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും സ്മൃതി കുടീരത്തിന് മുൻപിൽ ഛായാചിത്രം സ്ഥാപിക്കുകയും ചെയ്തിരുന്നു. 1805 ൽ നാടുനീങ്ങിയ ശക്തൻ തമ്പുരാന്റെ സ്മൃതി കുടീരം ഉചിതമായ രീതിയിൽ സംരക്ഷിക്കുന്നതിലും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങൾ പിൻതലമുറയിൽ വേണ്ട വിധത്തിൽ എത്തിക്കുന്നതിലും കേരളത്തിലെ സർക്കാരുകൾ പരാജയപ്പെട്ടെന്ന വിമർശനം ശക്തമാണ്. ശക്തന്റെ സ്മൃതി കുടീരത്തിൽ വിളക്ക് കൊളുത്താനും തൃശൂരിൽ ശക്തന്റെ പ്രതിമ സ്ഥാപിക്കാനും മുൻകൈയ്യെടുത്തതും അതിന് വേണ്ടി പ്രയത്‌നിച്ചതും ബിജെപിയായിരുന്നു.
ശക്തൻ തമ്പുരാന്റെ കരുത്തുറ്റ ഭരണവും നീതിന്യായ സംവിധാനവുമൊക്കെ പൊതുഭരണകർത്താക്കൾക്ക് പ്രചോദനമാണെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകിയത്. കേരളത്തിലെ കരുത്തുറ്റ രാജാവായിരുന്നു ശക്തനെന്നും അമിത് ഷാ കുറിച്ചു.








