ന്യൂഡൽഹി: പാകിസ്താൻ ഇപ്പോൾ ഭീതിയുടെ നിഴലിലാണെന്ന് മുൻ പാകിസ്താൻ നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത്. പൂഞ്ച് ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയിൽ നിന്ന് ഏത് നിമിഷവും മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടാവുമെന്ന ഭയത്തിലാണ് പാകിസ്താൻ എന്ന് അബ്ദുൾ ബാസിത് വെളിപ്പെടുത്തി. രാജ്യത്തെ പ്രധാനസംസാരവിഷയം ഇതാണെന്നും സർജിക്കൽ സ്‌ട്രൈക്കിനെ സംബന്ധിച്ചുള്ള ഭയവും ഉത്കണ്ഠയും പ്രവർത്തനങ്ങളെ താറുമാറാക്കിയെന്നും അബ്ദുൾ ബാസിത് വ്യക്തമാക്കി.
ഇപ്പോൾ പാകിസ്താനിലെ ആളുകൾ, ഇന്ത്യയിൽ നിന്നുള്ള മറ്റൊരു സർജിക്കൽ സ്‌ട്രൈക്കിനെ കുറിച്ചും വ്യോമാക്രമണത്തെ കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്. ഈ വർഷം എസ്.സിഒ മീറ്റിംഗും ജി-20 പ്രസിഡന്റ് സ്ഥാനവും ഇന്ത്യ വഹിക്കുന്നതിനാൽ ഒരു ആക്രമണത്തിന് അവർ മുതിരില്ലെന്ന് കരുതുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുന്നത് വരെ ഇന്ത്യയിൽ നിന്ന് പാകിസ്താന് ദുരനുഭവങ്ങളൊന്നും ഉണ്ടാവില്ലെന്ന് അബ്ദുൾ ബാസിത് പറയുന്നു.
കഴിഞ്ഞ ആഴ്ച ഉണ്ടായ പൂഞ്ച് ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പാകിസ്താന് പങ്കുണ്ട് എന്നതിന്റെ വ്യക്തമായ തെളിവുകൾ പുറത്തുവന്നിരുന്നു. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ ആക്രമണം ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള പാകിസ്താന്റെ നീക്കമായാണ് വിലയിരുത്തുന്നത്.
ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന് പലിശ ചേർത്ത് നൽകിയ തിരിച്ചടിയായിരുന്നു സർജിക്കൽ സ്‌ട്രൈക്ക്. ഇന്ത്യയുടെ പെട്ടെന്നുള്ള പ്രത്യാക്രമണത്തിൽ കനത്ത നഷ്ടമായിരുന്നു പാകിസ്താന് നേരിടേണ്ടി വന്നത്. ഇന്ത്യയുടെ യുദ്ധതന്ത്രമെന്താണെന്ന് ഒരിക്കൽകൂടി പാകിസ്താനും മറ്റ് ലോകരാജ്യങ്ങൾക്കും കാണിച്ച് കൊടുത്തത് സർജിക്കൽ സ്‌ട്രൈക്കിലൂടെ ആയിരുന്നു.









