എറണാകുളം: നടിയും അവതാരകയുമായി സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായി സുബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. ഇതേ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതാണ് സുബിയുടെ ആരോഗ്യനില ഗുരുതരമാക്കിയത്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം.
മിമിക്രി പരിപാടികളിലൂടെയായായിരുന്നു സുബി ശ്രദ്ധേയയായത്. പിന്നീട് സ്‌റ്റേജ് ഷോകളിൽ സജീവമായി. നിരവധി സിനിമകളിലും സുബി ശ്രദ്ധേയമായ വേഷങ്ങൾ കൈാകാര്യം ചെയ്തിട്ടുണ്ട്. തസ്‌കര ലഹള, ഡ്രാമ, ഗൃഹനാഥൻ, കനക സിംഹാസനം, ഹാപ്പി ഹസ്ബന്റ്സ് എന്നിവയാണ് സുബി അഭിനയിച്ച സിനിമകൾ.
1988 ൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ആയിരുന്നു സുബി ജനിച്ചത്. പിതാവ് സുരേഷ്. അമ്മ അംബിക. ഒരു സഹോദരനാണ് സുബിയ്ക്കുള്ളത്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സുബിയുടെ ഉന്നത വിദ്യാഭ്യാസം എറണാകുളം സെന്റ് തരേസ കോളേജിലായിരുന്നു. സ്‌കൂൾ കാലത്തു തന്നെ കലാരംഗത്ത് ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്ന സുബി നൃത്ത മത്സരങ്ങളിലെല്ലാം സമ്മാനങ്ങൾ വാരിക്കൂട്ടി.
അന്ന് മുതൽ തന്നെ മിമിക്രിയും മോണാ ആക്ടും അവതരിപ്പിച്ച് സുബി അദ്ധ്യാപകരെ അമ്പരപ്പിച്ചിരുന്നു. കലയോടുള്ള താത്പര്യം കൊണ്ട് കൊച്ചിൻ കലാഭവനിൽ ചേർന്ന സുബി സ്റ്റേജ് ഷോകളിലെല്ലാം നിത്യ സാന്നിദ്ധ്യമായി. കലാരംഗത്തേക്ക് കടക്കാൻ സ്ത്രീകൾ മടിക്കുന്ന കാലത്തായിരുന്നു സുബി സ്റ്റേജ് ഷോകളിൽ ആളുകളെ അഭിനയം കൊണ്ട് അമ്പരപ്പിച്ചത്. സിനിമാല എന്ന ടെലിവിഷൻ പരിപാടി സുബിയുടെ കലാ ജീവിതത്തിൽ വലിയ വഴിതത്തിരിവ് ആയിരുന്നു.
Discussion about this post