കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോടില്‍ ടെലിഫോണ്‍ തൂണുകള്‍ മോഷ്ടിക്കുന്നത് തുടര്‍ക്കഥയാകുന്നു. തൂണുകള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ടെലിക്കോം വകുപ്പ് അധികൃതര്‍ മണ്ണാര്‍ക്കാട്, കല്ലടിക്കോട് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ച് പൊലീസ്. മണ്ണാര്‍ക്കാട്, നൊട്ടന്‍മല, കല്ലടിക്കോട്, തെങ്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ടെലിഫോണ്‍ തൂണുകള്‍ മോഷണം പോയത്.
മോഷ്ടിക്കുന്നവയില്‍ കണക്ഷനുകള്‍ ഉള്ളവയും ഇല്ലാത്തവയുമുണ്ടെന്നതാണ് വാസ്തവം. മോഷണത്തിനായി ആദ്യം വയറുകള്‍ മുറിച്ചുമാറ്റും പിന്നീട് തൂണുകള്‍ ഇളക്കിവെക്കും. ഇളക്കി വച്ചിട്ടുള്ള തൂണുകള്‍ രാത്രി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകും, ഇതാണ് മോഷ്ടാക്കളുടെ രീതി. പ്രദേശത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ടെലിഫോണ്‍ തകരാറിലായപ്പോള്‍ നടത്തിയ പരിശോധനയിലാണ് തൂണുകള്‍ മോഷണം പോയ വിവരമറിയുന്നത്.
തെങ്കരയില്‍ രാജാസ് സ്‌കൂള്‍ മുതല്‍ ആനമുളി ഭാഗത്തേക്കുള്ള തൂണുകളെല്ലാം കൊണ്ടുപോയി. നൊട്ടന്‍മലയിലും കല്ലടിക്കോടും സമാന രീതിയില്‍ തൂണുകള്‍ നഷ്ടമായിട്ടുണ്ട്.
Discussion about this post