യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ റാലികളില്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ യുപിയില്‍ പാര്‍ട്ടിയ്ക്ക് അനുകൂലമായ വികാരമുണ്ടാക്കിയതായി ബിജെപി വിലയിരുത്തല്‍.മോദിയുടെ കബറിസ്ഥാന്‍, ശ്മശാന് പ്രസംഗം ഉള്‍പ്പടെ മതപരമായ വിവേചനങ്ങള്‍ക്കെതിരായ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു.
കബറിസ്ഥാന്‍ പണിതാല്‍ ശ്മശാനവും പണിയണം, റംസാന് വൈദ്യുതി എത്തിച്ചാല്‍ ദീപാവലിയ്ക്കും അത് ഉറപ്പ് വരുത്തണം എന്നിങ്ങനെ മതപരമായ വിവേചനം ഒഴിവാക്കണമെന്ന മോദിയുടെ പ്രസംഗം സമുദായിക രാഷ്ട്രീയത്തിനെതിരായ താക്കിതായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറയുന്നു.
ചില മതവിഭാഗങ്ങള്‍ക്ക് അനുകൂലമായ സമീപനം എടുക്കുന്ന സമാജ് വാദി പാര്‍ട്ടി ചില വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന പ്രചരണം ബിജെപി തെരഞ്ഞെടുപ്പ്പ്രചരണത്തിനിടെ നടത്തിയിരുന്നു. യുപിയിലെ ജനങ്ങള്‍ക്ക് അത്തരമൊരു പൊതുവികാരം ഉണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ബിജെപി 300 സീറ്റിലധികം നേടി യുപിയില്‍ സുശക്തമായ ഭരണം സ്ഥാപിക്കുമെന്ന് അമിത് ഷാ സീ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എസ്പി-കോണ്‍ഗ്രസ് സഖ്യം ജനങ്ങള്‍ തള്ളികളയും, ബിഎസ്പി കൂട്ടത്തില്‍ മികവ് കാണിക്കുമെന്നും അമിത് ഷാ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. മോദിയാണ് രാജ്യത്തെ ഏറ്റവും പ്രമുഖനായ നേതാവ്. അദ്ദേഹം നമ്മുടെ സ്വത്താണ്. മോദി സ്വര്‍ണത്തെ പോലെയാണ് അത് എപ്പോഴും തിളങ്ങുമെന്നും അമിത് ഷാ പറഞ്ഞു.
”മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി തീരുമാനിക്കുന്ന സ്വഭാവം ബിജെപിയ്ക്കില്ല. മാര്‍ച്ച് 11ന് ബിജെപി ജയത്തിന് ശേഷം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. ഒന്ന് പറയാം ആ വ്യക്തി അഖിലേഷ് യാദവിനേക്കാള്‍, മായാവതിയെക്കാള്‍ മികച്ചയാളായിരിക്കും”
– അമിത് ഷാ
നോട്ട് അസാധുവാക്കല്‍ യുപിയിലും ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post