വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യന്‍ എഞ്ചിനീയറുടെ വധത്തെ അപലപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജൂതന്മാര്ക്ക് എതിരായ ആക്രമങ്ങളും കന്‍സാസ് വെടിവെപ്പും ഉള്‍പ്പെടെ വിദ്വേഷത്തിന്റെ എല്ലാ രൂപങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും ട്രംപ് വ്യക്തമാക്കി. അധികാരത്തിലേറിയ ശേഷം യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്ലയാണ് (32) കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയാണ് ശ്രീനിവാസ്. കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോള്‍ ഒരു അമേരിക്കന്‍ പൗരന് ‘എന്റെ രാജ്യത്തുനിന്ന് കടന്നുപോകൂ’ എന്നാക്രോശിച്ച് ശ്രീനിവാസനും സുഹൃത്തുക്കള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ കുചിഭോട്ലയുടെ സുഹൃത്തും തെലങ്കാന സ്വദേശിയുമായ അലോക് മദസാനിക്കും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച യുഎസ് പൗരന് ഇയാന്‍ ഗ്രിലോട്ടിനും പരിക്കേറ്റിരുന്നു.
മുന്‍ യുഎസ് നാവിക ഉദ്യോഗസ്ഥനായ ആഡം പ്യൂരിന്റണാണ് ഇന്ത്യക്കാര്‍ക്ക് നേരെ വെടിവെച്ചത്. ഇയാള്‍ പോലീസ് പിടിയിലായിട്ടുണ്ട്.
ട്രംപിന്റെ പ്രസംഗത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍
പരിശോധന അസാധ്യമായ രാജ്യങ്ങളില്‍ നിന്ന് വിസ അനുവദിക്കാനാകില്ല. നിലവിലെ കുടിയേറ്റ നിയമം കാലഹരണപ്പെട്ടതാണ്. അമേരിക്കയെ ഭീകരതയില്‍ നിന്ന രക്ഷിക്കാനാണ് വിസാ നിരോധനം. അതിനായി ഏതറ്റം വരെയും പോകും. അമേരിക്കയില്‍ എത്തുന്നവര്‍ രാജ്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. ശുഭാപ്തിവിശ്വാസം അസാധ്യമായതിനെ പോലും സാധ്യമാക്കും. ഇന്നുകാണുന്നത് അമേരിക്കയുടെ നവീകരണമാണ്. അമേരിക്കന്‍ പൗരന്മാര്ക്കാണ് പ്രാഥമിക പരിഗണന. എന്നാലെ അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കാനാകൂ. അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്ന കരാറുകളില്‍ നിന്ന് പിന്മാറും. ഒബാമ കെയര്‍ നിര്‍ത്തലാക്കി. പകരം കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരും.
Discussion about this post