ഡല്‍ഹി: മതേതര രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ അധീനതയിലുള്ള ഏതു സ്ഥലവും സന്ദര്‍ശിക്കുന്നതിന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് അനുമതിയുണ്ടായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന നല്കിയ മുന്നറിയിപ്പ് ഇന്ത്യ അവഗണിച്ചു. അടുത്ത മാസം നാലു മുതല്‍ 13 വരെയാണ് ദലൈലാമ സന്ദര്‍ശനത്തിന് അരുണാചലിലെത്തുന്നത്. ദലൈലാമയുടെ സന്ദര്‍ശനം ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും സന്ദര്‍ശനത്തില്‍ ദലൈലാമയെ അനുഗമിക്കും.
മതേതര രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ അധീനതയിലുള്ള ഏതു സ്ഥലവും സന്ദര്‍ശിക്കുന്നതിന് ദലൈലാമയ്ക്ക് അനുമതിയുണ്ടായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൈനയെ സംബന്ധിച്ചിടത്തോളം അവര്‍ വിഘടനവാദി നേതാവായി പരിഗണിക്കുന്നയാളാണ് ദലൈലാമ. അതുകൊണ്ടുതന്നെ ദലൈലാമയുമായി ഇന്ത്യ സഹകരിക്കുന്നത് ചൈനയ്ക്ക് സ്വീകാര്യമല്ല.
അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെ ചൈന അതിര്‍ത്തി തര്‍ക്കം ഉന്നയിക്കുന്ന വിഷയങ്ങള്‍ നിലനില്ക്കുകയും ചൈന-പാക്കിസ്ഥാന് സഹകരണം ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദലൈലാമയുടെ സന്ദര്‍ശനവുമായി മുന്നോട്ടുപോകാനുള്ള ഇന്ത്യയുടെ തീരുമാനം ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാകാന്‍ കാരണമാകും.
അതേസമയം, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ദലൈലാമ വിഷയത്തില്‍ ഇന്ത്യ വരുത്തിയ നയ വ്യതിയാനം പ്രകടമാകുന്ന തീരുമാനമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചൈനയുടെ ക്രോധത്തിന് കാരണമാകുമെന്നതിനാല്‍ ദലൈലാമയുമായി ആരോഗ്യകരമായ അകലം പാലിക്കാനാണ് മുന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നതെങ്കില്‍ ഇത്തരം അകലങ്ങള്‍ ഒഴിവാക്കുകയാണ് മോദി സര്‍ക്കാര്‍. ബോധപൂര്‍വം വരുത്തിയ മാറ്റമാണിതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
Discussion about this post