കൊച്ചി: ജിഷ വധക്കേസില്‍ രഹസ്യ വിചാരണക്ക് ഉത്തരവിട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. വിചാരണ നടപടികള്‍ തുടങ്ങുന്നതിനു മുന്നോടിയായി കേസ് പരിഗണിച്ചപ്പോഴാണ് രഹസ്യ വിചാരണക്ക് തീരുമാനമായത്. രഹസ്യ വിചാരണക്കെതിരെ പ്രതിഭാഗം ഉന്നയിച്ച എതിര്‍പ്പ് കോടതി തള്ളിക്കളഞ്ഞു.
ഏപ്രില്‍ അഞ്ചുവരെയാണ് ഒന്നാംഘട്ട വിചാരണ. ഒന്നാം ഘട്ടത്തില്‍ 21 സാക്ഷികളെയാണ് വിസ്തരിക്കുക. കേസിലെ ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെ ഇന്ന് വിസ്തരിക്കും. ജിഷയുടെ അമ്മയും രണ്ടാം സാക്ഷിയുമായ രാജേശ്വരിയുടെ വിസ്താരം നാളെയാണ്.
നിയമ വിദ്യാര്‍ഥിനിയായ ജിഷ 2016 ഏപ്രില്‍ 28നാണ് പീഡനത്തിനിരയായി പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുന്നത്. കേസില്‍ ഇതരസംസ്ഥാനക്കാരനായ അമീറുല്‍ ഇസ്ലാമാണ് അറസ്റ്റിലായത്.
സംഭവദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ രാജേശ്വരി രാത്രി ഏട്ട് മണിയോടെ തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുന്നത്. ദീര്‍ഘനാളത്തെ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകിയെ പോലീസ് പിടികൂടുന്നത്.
വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ ചുമത്തിയിട്ടുള്ളതിനാലാണ് കേസിന്റെ വിചാരണ കുറുപ്പംപടി കോടതിയില്‍നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
Discussion about this post