തിരുവന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി കെകെ രമ എംഎൽഎ. ഹൈക്കോടതി വിധിയെ മറികടന്ന് കേസിലെ പ്രതികളെ വിട്ടയക്കാനുള്ള സർക്കാറിന്റെ ശ്രമം ഗുരുതരമായ കോടതിയലക്ഷ്യമാണ്. സർക്കാരിന്റെ ഈ നീക്കത്തിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കെകെ രമ പറഞ്ഞു.
കേസിലെ പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രതികൾക്ക് ശിക്ഷാ ഇളവിന് അർഹതയില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ജനഹിതത്തിനെതിരാണ് സർക്കാരിന്റെ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരുടെ ശിക്ഷയ്ക്കാണ് ഇളവ് നൽകാൻ സർക്കാർ നീക്കം നടത്തുന്നത്. സർക്കാരിന്റെ ആവശ്യപ്രകാരം കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസിന് കത്ത് നൽകി. മൂന്ന് പേരെയും എത്രയും വേഗം ജയിലിന് പുറത്ത് എത്തിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ നീക്കമെന്നും ശ്രദ്ധേയമാണ്.
ശിക്ഷയിൽ ഇളവ് നൽകണമെന്ന ആവശ്യവുമായി അടുത്തിടെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ അപ്പീൽ തള്ളിയ കോടതി പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കുകയായിരുന്നു. വിചാരണ കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ ഹൈക്കോടതി പ്രതിപ്പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള സർക്കാർ നീക്കം.
Discussion about this post