ലഖ്‌നൗ : വാരണാസിയിലെ പ്രമുഖ പണ്ഡിതനും ഹിന്ദു പുരോഹിതനുമായ ആചാര്യ ലക്ഷ്മീകാന്ത് ദീക്ഷിത് അന്തരിച്ചു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുഖ്യ കാർമികത്വം വഹിച്ച പുരോഹിതനായിരുന്നു. 86 വയസ്സ് ഉണ്ടായിരുന്ന ലക്ഷ്മീകാന്ത് ദീക്ഷിതിന് കഴിഞ്ഞ കുറച്ചു നാളുകളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യം മോശമായ അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരം മണികർണിക ഘട്ടിൽ നടത്തുമെന്ന് കുടുംബം അറിയിച്ചു.
ആചാര്യ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനങ്ങൾ അറിയിച്ചു.
“രാജ്യത്തെ പ്രമുഖ പണ്ഡിതനും സംഗ്വേദ വിദ്യാലയത്തിലെ യജുർവേദ ആചാര്യനുമായ ലക്ഷ്മികാന്ത് ദീക്ഷിത് ജിയുടെ വിയോഗത്തിൻ്റെ ദുഃഖവാർത്തയാണ് ഇന്ന് എനിക്ക് ലഭിച്ചത്. കാശിയിലെ പണ്ഡിത പാരമ്പര്യത്തിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നു ദീക്ഷിത് ജി. കാശി വിശ്വനാഥ് ധാമിൻ്റെയും രാമക്ഷേത്രത്തിൻ്റെയും പ്രതിഷ്ഠ ചടങ്ങുകളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ കൃതാർത്ഥനാണ്” എന്നും മോദി വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ നിന്നും വർഷങ്ങൾക്കു മുൻപേ വാരണാസിയിലേക്ക് കുടിയേറിയ പുരോഹിത കുടുംബത്തിലെ അംഗമാണ് ലക്ഷ്മികാന്ത് ദീക്ഷിത്. ദീക്ഷിതിൻ്റെ വിയോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. കാശിയിലെ മഹാപണ്ഡിതനും ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ മുഖ്യപുരോഹിതനുമായ ആചാര്യ ശ്രീ ലക്ഷ്മികാന്ത് ദീക്ഷിതിൻ്റെ വേർപാട് ആത്മീയ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
Discussion about this post