ഡല്‍ഹി: ദേശീയപതാകയ്ക്കു നല്‍കേണ്ട ആദരവു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, ഭരണാധികാരികള്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണാധികാരികള്‍, എല്ലാ മന്ത്രാലയങ്ങളിലെയും സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കു നല്കിയ നിര്‍ദ്ദേശത്തില്‍ 2002ലെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ, 1971ലെ ദി പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഓണര്‍ എന്നീ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഒരു രാഷ്ട്രത്തെ ജനങ്ങളുടെ പ്രതീക്ഷയെയും, ആഗ്രഹങ്ങളെയുമാണ് പ്രതിനിധാനം ദേശീയപതാക ചെയ്യുന്നതെന്നും അതുകൊണ്ടു തന്നെ അതിന് ആദരണീയമായ സ്ഥാനമുണ്ടെന്നും ഇതുസംബന്ധിച്ച് വിപുലമായ ബോധവത്കരണം നടത്തണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചില പ്രധാന ചടങ്ങുകളില്‍ കടലാസ്സിനു പകരം പ്ലാസ്റ്റിക് ഉപയോഗിച്ചുളള ദേശീയ പതാക ഉപയോഗിച്ചു വരുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ മണ്ണില്‍ ദ്രവിച്ചു ചേരാന്‍ പ്രയാസമുളളതാകയാല്, ഉപയോഗശേഷമുളള ഇവയുടെ സംസ്കരണം ദേശീയപതാകയ്ക്കു കൊടുക്കുന്ന എല്ലാ ആദരവോടും കൂടി ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതണെന്നും പ്രധാനപ്പെട്ട ദേശീയ, സാംസ്കാരിക, കായിക ചടങ്ങുകളില്‍ ഉപയോഗിക്കപ്പെടുന്ന ദേശീയപതാകകള്‍ കടലാസ്സുപയോഗിച്ചു നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്ന ദേശീയപതാകകള്‍ ചടങ്ങിനു ശേഷം അലക്ഷ്യമായി നിലത്തു വലിച്ചെറിയരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ദേശീയ പതാകയ്ക്കു നല്കേണ്ടുന്ന ആദരവു സംബന്ധിച്ചും, പതാകയുടെ നിര്‍മ്മിതിയില്‍ പ്ലാസ്റ്റിക് ഒഴിവാക്കേണ്ടതിനേക്കുറിച്ചും പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി വിപുലമായ പ്രചാരണബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്കു നല്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post