കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ബിജെപി നേതാവിനോ കുടുംബാംഗങ്ങൾക്കോ അപായമില്ല.
ഖേജുരി സ്വദേശിയും പഞ്ചായത്ത് പ്രസിഡന്റുമായ നിതായ് മണ്ഡലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം രാത്രി വൈകിയാണ് നിതായ് വീട്ടിൽ എത്തിയത്. ഇതിന് പിന്നാലെ ബോംബുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
രണ്ട് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ഇതിന് പുറമേ അക്രമികൾ നിതായുടെ ബൈക്കും അഗ്നിയ്ക്ക് ഇരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഉടനെ പോലീസ് വീട്ടിൽ എത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ വീടിന് മുൻപിൽ നിന്നും നാല് ബോംബുകൾ പോലീസ് കണ്ടെടുത്തു. ഇവ ബോംബ് സ്‌ക്വാഡ് നിർവ്വീര്യമാക്കി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
Discussion about this post