ഡല്‍ഹി: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഭരണത്തലവന് എന്ന നിലയില്‍ മുഖ്യമന്ത്രി കയ്യേറ്റക്കാരുടെ താത്പര്യങ്ങളെ പിന്തുണച്ചത് ഉത്കണ്ഠാജനകമാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുകേശത്തെ ബോഡി വേസ്റ്റ് എന്ന് വിളിച്ചപ്പോഴും ശ്രീനാരായണഗുരുവിനെ അപമാനിച്ചപ്പോഴും മതവികാരം വ്രണപ്പെടുമെന്ന ആശങ്ക മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നല്ലോ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്നാര്‍ കയ്യേറ്റത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും അപലപനീയമാണ്. കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി തന്നെ കാണണം. ഇക്കാര്യത്തില്‍ മത, രാഷ്ട്രീയവിവേചനം പാടില്ലെന്നും കുമ്മനം പറഞ്ഞു.
സഭകള്‍ അനുകൂലിച്ചിട്ടു പോലും മുഖ്യമന്ത്രി എന്തിന് വികാരംകൊള്ളുന്നുവെന്നും സ്പിരിറ്റ് ഇന്‍ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Discussion about this post