കൊച്ചി: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഐഎമ്മിന്റെ പിന്തുണയില്‍ കേരള കോണ്‍ഗ്രസ് പിടിച്ചതോടെ കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസും സിപിഐഎമ്മിനെതിരെ സിപിഐയും രംഗത്തെത്തി. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സിപിഐ മുഖപത്രമായ ജനയുഗവും കെ.എം മാണിക്കെതിരെയും സിപിഎമ്മിന്റെ നടപടിക്കെതിരെയും മുഖപ്രസംഗങ്ങളിലൂടെയാണ് ഇന്ന് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ നടപടി രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ്. മാണി എല്‍ഡിഎഫിലേക്ക് പോകുന്നത് അടുക്കള വാതില്‍ വഴി ജാരനെ പോലെയാണ്. ദേവദാസികളെ പോലെ ആരുടെ മുന്നിലും ആടാനും പാടാനുമുളള രാഷ്ട്രീയ അശ്ലീലത ലജ്ജാകരമാണ്. യുഡിഎഫ്, എല്‍ഡിഎഫ് അതുമല്ലെങ്കില്‍ ബിജെപി എന്ന നിലപാടാണ് കെ.എം മാണിക്ക്. കൂടാതെ കനാലിലേക്കുളള യാത്രയോ നരകയാത്രയോ ഇതെന്ന് പരിഹസിക്കുന്നുമുണ്ട് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍.
സിപിഐഎം അംഗങ്ങള്‍ കേരള കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായി വോട്ട് ചെയ്തത് സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയാത്ത രാഷ്ട്രീയ അധാര്‍മ്മികതയും അവസരവാദവുമായെ വിലയിരുത്താനാവൂ എന്നാണ് ജനയുഗം മുഖപ്രസംഗത്തിന്റെ വിലയിരുത്തല്‍. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ കേരള നിയമസഭയിലുണ്ടായ പ്രതിഷേധം കേരള ജനതയുടെ മനസില്‍ മായാത്ത ചിത്രമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്കുന്ന പ്രമുഖ ഘടകകക്ഷി തയ്യാറാവുമെന്ന് ജനാധിപത്യത്തിലും രാഷ്ട്രീയ ധാര്‍മ്മികതയിലും വിശ്വസിക്കുന്ന കേരള ജനത സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. അത് എല്‍ഡിഎഫില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് വിശ്വസിക്കാനാവാത്ത ഇരുട്ടടിയും തികഞ്ഞ അവസരവാദപരവുമായെ കാണാനാവൂയെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. പ്രാദേശികമായ നേട്ടങ്ങളാണ് അതിന് പിന്നിലെന്ന ന്യായീകരണം ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാനാവില്ല. എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയം എന്ത് സംഭാവനയാണ് നല്‍കുക എന്നത് വിശദീകരിക്കാന്‍ അട്ടിമറിക്ക് ഒത്താശ ചെയ്ത സിപിഐഎം നേതാക്കള്‍ ബാധ്യസ്ഥരാണെന്നും ജനയുഗം പറയുന്നു.
അഴിമതിക്കെതിരായ കേരള ജനതയുടെ പോരാട്ട വീര്യത്തിനുമേല്‍ വെളളമൊഴിച്ച് കെടുത്തുന്ന നടപടിയാണിതെന്നുമുളള വിമര്‍ശനത്തോടെയാണ് ജനയുഗത്തിന്റെ എഡിറ്റോറിയല്‍ അവസാനിക്കുന്നത്.
Discussion about this post