റിയാദ്: ഖത്തറിന് മേലുള്ള ഉപരോധം പരിഹരിച്ച് രമ്യതയിലെത്താന്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്ന് ഉപരോധ രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. അല്‍ ജസീറ അടച്ച് പൂട്ടുന്നതുള്‍പ്പെടെ പതിമൂന്നോളം ഉപാധികളടങ്ങുന്ന പട്ടികയാണ് കുവൈത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കും രാജ്യത്തിന്റെ വിദേശനയം അടിയറ വെച്ച് കീഴടങ്ങാന്‍ തയ്യാറല്ലെന്നുമുള്ള നിലപാട് നേരത്തെ തന്നെ ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താചാനലായ അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധികള്‍ ഖത്തര്‍ തള്ളിക്കളയാനാണ് സാധ്യത. ഉപരോധ രാജ്യങ്ങള്‍ സമര്‍പ്പിച്ച പട്ടിക സംബന്ധിച്ച് ഖത്തറിന്റെയോ കുവൈത്തിന്റെയോ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായാണ് ആവശ്യങ്ങളുടെ പട്ടിക കുവൈത്തിന് സമര്‍പ്പിച്ചത്. കുവൈത്ത് ഉപാധികളുടെ പട്ടിക ഖത്തറിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഉപരോധ രാജ്യങ്ങളുടെ പട്ടികക്ക് ഖത്തറോ കുവൈത്തോ അനുമതി നല്‍കിയിട്ടില്ലെന്നാണ് സൂചന. ഇറാനുമായുള്ള അടുപ്പം കുറക്കണമെന്നതും ഉപാധികളില്‍ ഉള്‍പ്പെടുന്നു.
അതേസമയം ഉപാധികള്‍ പിന്‍വലിക്കാതെ അനുരഞ്ജന ചര്‍ച്ചകള്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post